ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടയിൽ വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ പ്രതിയായ ഡൽഹി അസിസ്റ്റന്റ് കമ്മീഷണർ വിവേക് ഭഗത്തിന് നൽകിയ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ താത്കാലിക ചുമതല ഡൽഹി സർക്കാർ മരവിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സർക്കാർ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
ഒക്ടോബർ മൂന്നിന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് വനിതാ മാധ്യമപ്രവർത്തകർ എസിപി വിവേക് ഭഗനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലിസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനിടയിലാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ തനിക്ക് നൽകിയ പുതിയ ചുമതല സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വിവേക് ഭഗത് സ്വയം സന്നദ്ധത അറിയിച്ചത്.
ഓഗസ്റ്റ് 25ന് ആരംഭിച്ച നടപടികളുടെ ഭാഗമായാണ് വിവേക് ഭഗത് ഉൾപ്പെടെ 12 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഒക്ടോബർ അഞ്ചിന് താത്കാലിക ചുമതല നൽകിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യുകയായിരുന്നു. വിവേക് ഭഗത് ഒഴികെയുള്ള മറ്റ് 11 ഉദ്യോഗസ്ഥർക്കായുള്ള ഉത്തരവ് ഉടൻ പുനഃപ്രസിദ്ധീകരിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.