Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shajichettan

ആ രംഗം മനസിനു വല്ലാത്ത വേദനയായി, അതാണ് മുണ്ടഴിച്ചു നൽകിയത്; ഷാജിച്ചേട്ടനു നാടെങ്ങും ആദരം

കൊച്ചി: മനുഷ്യത്വം മരിച്ചിട്ടില്ല, നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജി ചേട്ടനു കൈയടിക്കുകയാണ് കേരളക്കരയാകെ. തൃപ്പൂണിത്തുറയില്‍ നഗരമധ്യത്തില്‍ ബസ് അപകടത്തില്‍പ്പെട്ട് വസ്ത്രം കീറിപ്പോയ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നല്‍കി കരുതലായ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ വീട്ടില്‍ എം.ആര്‍. ഷാജിക്ക് അഭിനന്ദന പ്രവാഹമാണ്. ഷാജിയെ നേരില്‍ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശനും എത്തും. ആദരിക്കാനായി അദ്ദേഹത്തെ പലരും ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.

സൈക്കിളില്‍ ചായ പാത്രവുമായി എത്തി പതിവു പോലെ ചായ വില്‍ക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന്‍ ഭാഗത്ത് അപകടം നടക്കുന്നത്. ചോറ്റാനിക്കര എരുവേലി സ്വദേശി ഷീജ ജോര്‍ജ് (52) ആണ് അപകടത്തില്‍ പെട്ടത്.

"സ്റ്റാച്യൂ ജംഗ്ഷനടുത്ത് മഹാരാഷ്‌ട്ര തുണിക്കടയില്‍ ചായ കൊടുത്ത് വരുമ്പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ബസിന്‍റെ അടിയില്‍ ടൂ വീലര്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. ബസ് ടൂ വീലര്‍ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ബസ് കയറാന്‍ നിന്നവരെല്ലാം കൂടി ബസ് നിര്‍ത്തിച്ചു.

- ഫ്രണ്ട് വീലിന്‍റെ അടിഭാഗത്തായി സ്ത്രീ കിടക്കുകയാണ്. ബസ് റിവേഴ്‌സ് എടുപ്പിച്ച ശേഷം ഇവരെ ഉയര്‍ത്താന്‍ ശ്രമിച്ചു. സ്ത്രീയെ പൊക്കിയെടുത്തപ്പോള്‍ കാലെല്ലാം ഉരഞ്ഞ് ചുരിദാറിന്‍റെ പാന്‍റ് കീറിയത് കണ്ടപ്പോള്‍ മനസിനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അങ്ങനെയാണ് മുണ്ട് അഴിച്ചു കൊടുത്തത്' - എന്നാണ് ഷാജി പറയുന്നത്.

ഷാജിയുടെ വലിയ മനസിന് ബിഗ് സല്യൂട്ട് നേരുകയാണ് സമൂഹം. സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടതോടെ മുണ്ടില്ലാതെ നിന്ന ഷാജിക്ക് ചായ കൊടുത്ത മഹാരാഷ്ട്ര വസ്ത്രാലയത്തിന്‍റെ ഉടമയുടെ മകന്‍ എത്തി പുതിയ മുണ്ട് നല്‍കുകയും ചെയ്തു. കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഷാജിയെ വിളിച്ച് അറിയിച്ചത്. നിലവില്‍ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങുകയാണ് ഷാജി.

Latest News

Corehub Up