Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shajimon

ഭാര്യയെ കൊന്നത് ഞാനല്ല, പോലീസ് 14 വര്‍ഷമായി ഉപദ്രവിക്കുന്നു; മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഷാജിമോന്‍

കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.

ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

2012 ഓഗസ്റ്റില്‍ എന്‍റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.

അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്‍റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്‍റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.

വീട്ടില്‍ 27 പവന്‍റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്‍റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്‍റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.

2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.

ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.

എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന്‍ കളിച്ച കളിയാണിത്. എന്‍റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.

എന്‍റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്‍മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.

കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്‍റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്‍റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്‍റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

എന്‍റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്‌റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്‍റെ സംശയം. ഭാര്യ മരിച്ചതിന്‍റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.

അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്‌നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്‍റെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.

എന്‍റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്‍റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്‍റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്‍റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്‍റെ വീടിന് അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.

Latest News

Corehub Up