ചങ്ങനാശേരി: ഷേക്സ്പിയര് നാടകത്തിന് ചങ്ങനാശേരി എസ്ബി കോളജില്‍ ആദ്യവേദി ഒരുങ്ങിയത് 1937ല്‍. ആദ്യനാടകം മാക്ബത്ത്. എസ്ബിയുടെ അഭിമാനമായ ഷേക്സ്പിയര് തിയറ്ററിന് തുടക്കമിട്ടത് മലയാളത്തിലെ പ്രശസ്തനായ നിരൂപകനും ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ പ്രഫ. എം.പി. പോള്‍ ആയിരുന്നു. ഓപ്പണ്‍ സ്റ്റേജ് കെട്ടിയാണ് ആദ്യനാടകം മാക്ബത്ത് അവതരിപ്പിച്ചത്. പിന്നീട് പ്രസിദ്ധമായ കല്ലറയ്ക്കല്‍ ഹാളിലും തുടര്‍ന്ന് കാവുകാട്ട് ഹാളിലും അവതരിപ്പിച്ചു.
ഷേക്സ്പിയറിന്റെ നിരവധി നാടകങ്ങള്‍ എസ്ബിയില്‍ അവതരിപ്പിച്ചു. ഒഥല്ലോയെയും ഇയാഗോയെയും മിരാൻഡയെയും കിംഗ്ലിയര്‍ രാജാവിനെയും കാണാന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ എസ്ബിയിലെത്തി.
മര്‍ച്ചന്റ് ഓഫ് വെനീസ് 1948ലാണ് അരങ്ങത്തുവന്നത്. സംവിധാനം സി.എസ്. ഷെപ്പേഡ് സാറായിരുന്നു. കര്ട്ടന് വീണപ്പോള്‍ എല്ലാ കണ്ണുകളും തെരഞ്ഞത് ഒരാളെയായിരുന്നു.
സ്റ്റേജില്‍ യഹൂദ വ്യാപാരിയായ ഷൈലോക്കിന്റെ പ്രതികാരവും നിസഹായതയും ഇഴചേര്‍ത്ത അബ്ദുള്‍ ഖാദറിനെ. ഇദ്ദേഹമാണ് മലയാളസിനിമാ ലോകത്തെ നിത്യഹരിതനായകനായി മാറിയ പ്രേം നസീര്‍.
കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നത് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും
നിരവധി ദിനങ്ങളിലെ കഠിന പരിശീലനത്തിനുശേഷമാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നാടകം അരങ്ങത്ത് എത്തിച്ചിരുന്നത്. പ്രഫ. എ.ഇ. അഗസ്റ്റിനു പിന്നാലെ പ്രഫ. കെ.ജെ. ജോണ്‍ കാട്ടൂര്‍, പ്രഫ. കെ.വി. ജോസഫ്, പ്രഫ. സി.സി. തോമസ്, ഡോ. എ.ജെ. തോമസ്, ഡോ. ജിജി കൂട്ടുമ്മേല്‍ എന്നിവരും ഷേക്സ്പിയര് തിയറ്ററിനെ നയിച്ചവരില്പെടുന്നു. ഡോ. ജിജി ജോസഫ് നാടകത്തിനു നേതൃത്വം നല്കിയ കാലത്ത് മാക്ബത്തും ടെമ്പസ്റ്റും പരീക്ഷണാര്‍ഥം കാമ്പസിലെ ഓപ്പണ്‍ എയറില്‍ അവതരിപ്പിച്ചു.
ഡോ. എ.ജെ. തോമസ് റോമിയോയിലെ മേജര്‍ കഥാപാത്രമായിരുന്ന ഡ്യൂക്കിന്റെ വേഷമിട്ടതും ഡോ. ജിജി കൂട്ടുമ്മേല്‍ മാക്ബത്തിലെ കിംഗ് ഡങ്കന്റെയും ആന്റണി ആൻഡ് ക്ലിയോപാട്രയിലെ അഗസ്റ്റസ് സീസറിന്റെയും വേഷമണിഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഇംഗ്ലീഷ് വിഭാഗത്തിലുള്ള ഡോ. ജോസി ജോസഫ് റോമിയോ, ഹാംലറ്റ് തുടങ്ങിയ ഹീറോ വേഷങ്ങളും അണിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. നിധിന് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ടി.എസ്. എലിയട്ടിന്റെ മര്‍ഡര്‍ ഇന്‍ ദ് കത്തീഡ്രല്‍ അരങ്ങത്തെത്തിച്ചു.
എസ്ബിയുടെ അരങ്ങത്തുനിന്നു നിത്യഹരിതനായകന്
മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെ അനശ്വരനാക്കിയ അബ്ദുള്‍ ഖാദര്‍ ആ അരങ്ങില്‍നിന്ന് ചെന്നു കയറിയത് മലയാള സിനിമയിലേക്കായിരുന്നു. പിന്നീട് അദ്ദേഹം മലയാളസിനിമയില്‍ നിത്യഹരിതനായകനായി. സി.എ. ഷെപ്പേഡാണ് ഷേക്സ്പിയര് നാടകത്തിലേക്ക് നസീറിനെ കൈപിടിച്ച് എത്തിച്ചത്.
നിത്യഹരിത കാമുകഭാവമായ പ്രേം നസീര്‍ ജനിക്കുന്നത് എസ്ബിയുടെ അരങ്ങില്‍നിന്നാണ്. എസ്ബി കോളജില്‍ എല്ലാക്കൊല്ലവും നടക്കുന്ന പ്രേം നസീര്‍ നാടകമത്സരത്തിന്റെ സമ്മാനമായ വെള്ളിയില്‍ തീര്‍ത്ത ട്രോഫി നല്കിയതും നസീറാണ്. കോളജിലെത്തുന്ന എല്ലാ നാടകക്കമ്പക്കാരുടെയും സ്വപ്നമാണ് ആ ട്രോഫി.
എം.ജി. സോമനും കുഞ്ചാക്കോ ബോബനും
കലയ്ക്കും സാഹിത്യത്തിനും വളക്കൂറുള്ള മണ്ണാണ് എസ്ബി. എം.ജി. സോമനും കുഞ്ചാക്കോ ബോബനും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്. മലയാളത്തിനു സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സിബി മലയിലും ജീത്തു ജോസഫും എസ്ബിയുടെ അഭിമാനതാരങ്ങളാണ്.