സാക്രമെന്തോ: കലിഫോർണിയയിലെ സാക്രമെന്തോയിൽ 38കാരിയായ ഇന്ത്യൻ വംശജയായ യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം പ്രതിയായ ഇന്ത്യൻ വംശജൻ ജീവനൊടുക്കി. റസ്റ്ററന്റിൽ വെയിറ്ററായി ജോലി ചെയ്തുവരികയായിരുന്ന ശാലിനി താക്കൂർ(38) ആണ് വെടിയേറ്റു മരിച്ചത്.
ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതി രോഹിത് (22) പൊലിസ് വളഞ്ഞതിനെത്തുടർന്ന് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സാക്രമെന്തോയിലെ ആർഡൻ-ആർക്കേഡ് ഏരിയയിലുള്ള പനേര ബ്രെഡ് റസ്റ്ററന്റിനു മുന്നിൽ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
അമേരിക്കൻ ഫുഡ് ഡെലിവറി കന്പനിയായ ഡോർഡാഷിന്റെ ഡെലിവറികൾക്കായി റസ്റ്ററന്റിൽ എത്തുമായിരുന്ന രോഹിത് കഴിഞ്ഞ ഒരു വർഷമായി ശാലിനിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിവാഹാഭ്യർഥന ശാലിനി നിരസിച്ചതിനെത്തുടർന്നായിരുന്നു ഇത്.
ശാലിനിയെ പിന്തുടരുക, കാറിന്റെ ടയറുകളുടെ കാറ്റഴിച്ചുവിടുക, വാഹനം ട്രാക്ക് ചെയ്യാൻ ആപ്പിൾ എയർടാഗ് ഘടിപ്പിക്കുക, അനുവാദമില്ലാതെ വീടിനുള്ളിൽ കടക്കുക തുടങ്ങിയ അതിക്രമങ്ങൾ ഇയാൾ നടത്തിയിരുന്നു.
ശാലിനിയുടെ പരാതിയെത്തുടർന്ന് മേയ് മാസത്തിൽ കോടതി ഇയാൾക്കു മുന്നറിയിപ്പ് നൽകിയെങ്കിലും ഇതു ലംഘിച്ച് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ജോലിസ്ഥലത്തു വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ പിന്തുടർന്ന് ഇയാൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട രോഹിതിനെ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റീഡർ സംവിധാനത്തിന്റെ സഹായത്തോടെ പൊലിസ് ഹൈവേ 50ൽ കണ്ടെത്തി. തുടർന്ന് പൊലിസ് വാഹനം വളഞ്ഞതോടെ ഇയാൾ കാറിനുള്ളിൽവച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരനായ രോഹിതിനെക്കുറിച്ച് പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
രോഹിത് മുന്പ് അരിസോണയിൽ തടവിൽ കഴിഞ്ഞിട്ടുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് അമേരിക്കൻ അധികൃതർ വെളിപ്പെടുത്തി.
തുടർന്ന് ശാലിനിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.