വളാഞ്ചേരി: ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരൂർ കാളാട് സ്വദേശി മുല്ലക്കണ്ടത്തിൽ ഷംസുദീൻ (35) ആണ് മരിച്ചത്.
ഇന്നലെ സുഹൃത്തുക്കളായ നാലംഗ സംഘത്തോടൊപ്പം അയ്യപ്പനോവ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു ഷംസുദീൻ. വെള്ളച്ചാട്ടത്തിലെ കയത്തിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. ഷംസുദീന് നീന്തൽ വശമില്ലായിരുന്നുവെന്നാണ് വിവരങ്ങൾ.
അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിക്കിടന്ന ഇയാളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് കരയ്ക്കെത്തിച്ചത്.
ഉടൻ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെന്നൈയിൽ സ്ഥിരതാമസക്കാരനായ ഷംസുദീൻ ഞായറാഴ്ച വൈകീട്ട് ചെന്നൈയിലേക്ക് തിരികേ പോകാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.