സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിനെതിരെ കേസ്.
സൈനികരെ അവഹേളിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അനന്തപുരി സോൾജിയേഴ്സ് എന്ന സൈനിക കൂട്ടായ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലിസാണ് കേസെടുത്തത്.
ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരായാണ് കേസ്.
യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ശാന്തിവിള ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ അവഹേളിക്കുന്നതാണെന്നാണ് പരാതിയിലെ ആരോപണം.
വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ എന്ന ശാന്തിവിള ദിനേശിന്റെ പരാമർശമാണ് വിവാദമായത്. ശാന്തിവിള ദിനേശ് ഒന്നാം പ്രതിയും യൂട്യൂബ് ചാനൽ രണ്ടാം പ്രതിയുമായാണ് കേസ് റജിസ്റ്റർ ചെയ്തത്.
ദിനേശിന്റെ പരാമർശത്തിനെതിരെ വിരമിച്ച സൈനികരുടെ കൂട്ടായ്മ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് മേജർ രവി നേരത്തെ പറഞ്ഞിരുന്നു.