നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധക്കാർക്ക് സുരക്ഷയൊരുക്കിയ സുരക്ഷാ സേനാംഗങ്ങളെ പരിഹസിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശാരദാ സിംഗിനെതിരെ ജനരോഷം ശക്തമാകുന്നു.
ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് താരം കടുത്ത സൈബർ ആക്രമണവും ജനരോഷവും നേരിടുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിനിടെ, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദ്രുതകർമ്മ സേനാംഗങ്ങളെ (RAF) നോക്കി ശുചീകരണ ഉൽപ്പന്നങ്ങളെ പരാമർശിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ചുവന്ന ടീ-ഷർട്ട് ധരിച്ചെത്തിയ ശാരദ, സൈനികരുടെ യൂണിഫോം നിറത്തെയും സ്വന്തം വസ്ത്രത്തെയും ഉപമിച്ചുകൊണ്ട് നടത്തിയ പരിഹാസം പെട്ടെന്ന് തന്നെ ഇന്റർനെറ്റിൽ തരംഗമായി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.
പ്രതിഷേധം കനത്തതോടെ ഖേദപ്രകടനവുമായി ശാരദ രംഗത്തെത്തി. താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് ഇവർ അവകാശപ്പെട്ടു. ആരോടും ഭയന്നോ ആരുടെയും സമ്മർദ്ദം മൂലമോ അല്ല, സ്വന്തം മനസാക്ഷിക്ക് മുന്നിൽ തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് മാപ്പ് ചോദിക്കുന്നതെന്നും താരം വ്യക്തമാക്കി.
എന്നാൽ വീഡിയോ നീക്കം ചെയ്തിട്ടും ചില പ്രമുഖ മീം പേജുകൾ ഇത് ഡൗൺലോഡ് ചെയ്ത് പണം വാങ്ങി മനഃപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും, ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ കടുത്ത അസഭ്യവർഷം നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
എന്നാൽ ഈ ഖേദപ്രകടനവും ജനങ്ങളുടെ അമർഷം തണുപ്പിച്ചിട്ടില്ല. തെറ്റ് ചെയ്ത ശേഷം ഇപ്പോൾ സഹതാപം പിടിച്ചുപറ്റാനാണ് ഇൻഫ്ലുവൻസർ ശ്രമിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം.
പൊതുസ്ഥലത്ത് ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ അതിന്റെ അനന്തരഫലം അനുഭവിച്ചേ തീരൂ എന്നും, സുരക്ഷാ സേനയോട് ആദരവ് കാണിക്കാൻ പഠിക്കണമെന്നും ഓർമ്മിപ്പിച്ച് നിരവധിയാളുകളാണ് ശാരദയ്ക്കെതിരെ രംഗത്തുവരുന്നത്.