കൊച്ചി: അന്താരാഷ്ട്ര സ്വര്ണവിപണിയിലുണ്ടാകുന്ന തുടര്‍ച്ചയായ ഇടിവിന്റെ പ്രതിഫലനം കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചതു സമ്മിശ്ര പ്രതികരണം. ഈമാസം അഞ്ചിനു കേരളത്തില്‍ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്ന വില.
ഇന്നലെ അത് 97,720 രൂപയായി കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 1,170 രൂപയുടെയും പവന് 9,360 രൂപയുടെയും കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകള്‍ക്കുശേഷം സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്കു താഴെയെത്തി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ തിരുത്തലാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ട്രോയ് ഔണ്‍സിന് ഏകദേശം 3,770 ഡോളര്‍ നിലവാരത്തിലേക്കു വില താഴ്ന്നു. അമേരിക്കന്‍ ഡോളറിന്റെ ശക്തമായ മുന്നേറ്റവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലുണ്ടായ മാറ്റങ്ങളുമാണ് ആഗോളവിപണിയിലെ ഇടിവിനു പ്രധാന കാരണങ്ങള്‍.
കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയില്‍ ഈ വിലക്കുറവിനെ പൊതുവെ ഒരു പോസിറ്റീവ് ഘടകമായാണു കാണുന്നത്. ഉയര്‍ന്ന വില കാരണം സ്വര്‍ണം വാങ്ങുന്നത് മാറ്റിവച്ചിരുന്ന നിരവധി ഉപഭോക്താക്കള്‍ ഇപ്പോള്‍ വീണ്ടും ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് കുടുംബ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ്. കൊച്ചിയിലെ ചില ജ്വല്ലറികളില്‍ ഇന്നലെ വിവാഹ പാര്‍ട്ടികളുടെ തിരക്ക് അനുഭവപ്പെട്ടു.
വില കുറഞ്ഞതിന്റെ ആനുകൂല്യം വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും വ്യാപാരത്തില്‍ പൂര്‍ണമായ ഉണര്‍വ് ഉണ്ടായിട്ടില്ല.സ്വര്‍ണവിലയിലെ ചാഞ്ചാട്ടം വ്യാപാരികള്‍ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
സ്വര്‍ണവിലയിലെ ഈ ഇടിവ് ദീര്‍ഘകാല പ്രവണതയുടെ തുടക്കമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങള്‍, അമേരിക്കന്‍ പലിശനിരക്ക്, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, കേന്ദ്രബാങ്കുകളുടെ സ്വര്‍ണനിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിക്കും.