ന്യൂഡൽഹി: രാജ്യത്ത് 'ഭരണമാറ്റം'സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ വാക്പോര് മുറുകുന്നു. ബംഗ്ലാദേശുമായി ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ടുള്ള കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. ഇന്ത്യ ബംഗ്ലാദേശുമല്ല ഫ്രാൻസുമല്ലെന്നും, അത്തരം താരതമ്യങ്ങൾ പ്രസക്തമല്ലെന്നും തരൂർ വ്യക്തമാക്കി.
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടിക്കെതിരെ ജെഎൻയു വിദ്യാർഥി നേതാവ് നേഹ ബോറയും പ്രതിപക്ഷ നേതാക്കളും 'ഭരണമാറ്റം' എന്ന പരാമർശം നടത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇതിന് മറുപടിയായി, "ഇന്ത്യ ബംഗ്ലാദേശല്ല; ഇന്ത്യയിലെ യുവാക്കൾ വിഡ്ഢികളല്ല, അവർ രാജ്യം കെട്ടിപ്പടുക്കുന്നവരാണ്" എന്ന് കിരൺ റിജിജു എക്സിൽ വീഡിയോ സഹിതം പ്രതികരിച്ചിരുന്നു. പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരുടെ പരാമർശങ്ങളും റിജിജു ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, അക്രമങ്ങളെ ഒരിക്കലും കോൺഗ്രസ് അനുകൂലിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും ശശി തരൂർ വ്യക്തമാക്കി. "ഞങ്ങൾ ആവശ്യപ്പെടുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ്. ക്രമവിരുദ്ധമായ രീതിയിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയതാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ഭരണഘടനാപരമായ വിഷയമാണ്, അല്ലാതെ ഒരു സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമല്ല," തരൂർ പറഞ്ഞു.
അതേസമയം, വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം വോട്ടർമാരെ നീക്കം ചെയ്തുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിട്ടുണ്ട്.