ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മുതിർന്ന നേതാവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും സംഘടനാ ചുമതലകളും ഒഴിഞ്ഞ് അദ്ദേഹം വീണ്ടും രാജിക്കത്ത് നൽകി. കഴിഞ്ഞ 30ന് സമർപ്പിച്ച രാജിക്കത്ത് ബിജെപി നേതൃത്വം സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് തിങ്കളാഴ്ച വീണ്ടും രാജിക്കത്ത് സമർപ്പിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടുമുള്ള ആദരവും പിന്തുണയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് നൽകിയതിന് പിന്നാലെ എക്സിലെ പ്രൊഫൈലിൽനിന്ന് ബിജെപി ദേശീയ വക്താവ് എന്ന വിശേഷണം അദ്ദേഹം നീക്കി. അതേസമയം മോദിയുടെ അനുയായിയായി തുടരുമെന്ന നിലപാടും അദ്ദേഹം പ്രൊഫൈലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
2017ൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് വിട്ട പൂനവാല പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ ശ്രദ്ധേയ മുഖങ്ങളിലൊരാളായി മാറിയ അദ്ദേഹം പിന്നീട് ദേശീയ വക്താവായും പ്രവർത്തിച്ചു.