അന്തരിച്ച കലാസംവിധായകൻ കെ. ശേഖറിനെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഓർമകൾ പങ്കുവച്ചത്.
കോളജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്കിയ സുഹൃത്തുമായിരുന്നു നീയെന്നാണ് പ്രിയദർശൻ, ശേഖറിനെ കുറിച്ച് സ്മരിച്ചത്.
"എഐയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു.
ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്. ഒരിക്കല്‍കൂടി നിനക്കെന്റെ പ്രണാമം'.-പ്രിയദർശൻ കുറിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് കെ.ശേഖർ(72) അന്തരിച്ചത്. 1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.