റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്.
പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ച് മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഞായറാഴ്ച വെെകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.