ന്യൂഡൽഹി: ബിജെപിക്കെതിരേ പ്രതിഷേധിക്കുന്നവരെ രാജ്യവിരുദ്ധരാക്കി ബിജെപി പ്രചാരണം നടത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും രാജ്യത്തിന്റെ ശ്രദ്ധ ലഭിക്കാനാണ് എഐ ഉച്ചകോടിയിൽ പ്രതിഷേധം നടത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനയുടെ ദേശീയനേതൃത്വം പ്രതികരിച്ചു.
സമാനവിഷയം ഉയർത്തി ജന്തർ മന്തറിലും ബിലാസ്പുരിലും ഭോപ്പാലിലും ബനാറസിലും റായ്പുരിലും പ്രതിഷേധങ്ങൾ നടത്തിയെങ്കിലും രാജ്യത്തിന്റെ ശ്രദ്ധ ലഭിച്ചില്ലെന്നും എന്നാൽ ആരെയും ഉപദ്രവിക്കാതെ സമാധാനപരമായി ഉച്ചകോടിയിൽ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് രാജ്യം ഞങ്ങളെ ചെവിക്കൊണ്ടതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണു ബിജെപി സർക്കാർ ശ്രമിക്കുന്നത്.റോഡുകളിൽ പ്രതിഷേധിക്കുന്പോൾ കസ്റ്റഡിയിലെടുക്കുമെന്നും ഓണ്‍ലൈൻ മാധ്യമത്തിൽ പ്രതിഷേധിച്ചാൽ ഉള്ളടക്കം ഉടനടി നീക്കം ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശേഷ് നാരായണ്‍ ഓജ പറഞ്ഞു.
ഗിഗ് തൊഴിലാളികൾക്കുവേണ്ടിയും കർഷകർക്കുവേണ്ടിയും അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിലും പ്രതിഷേധമുയർത്തിയപ്പോൾ മാധ്യമങ്ങൾ തങ്ങളെ കണ്ടില്ലെന്നും എന്നാൽ എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചപ്പോൾ രാജ്യം ഞങ്ങളെ ശ്രവിച്ചെന്നും ഇതാണു പ്രതിഷേധം എന്ന പദത്തിന്റെ ഉദ്ദേശ്യമെന്നും ഓജ വ്യക്തമാക്കി.
എഐ ഉച്ചകോടിയിൽ സന്നിഹിതരായ നൂറുകണക്കിനു സാധാരണക്കാർ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം വീഡിയോകളിൽ പകർത്തിയെന്നും അതിലെവിടെയും പ്രവർത്തകർ സമാധാനാന്തരീക്ഷം തകർക്കുന്ന തായോ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതായോ വിദ്വേഷ പ്രസംഗം നടത്തുന്നതായോ കാണിച്ചിട്ടില്ലെന്നും എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ 196, 197, 132 എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകരെ കസ്റ്റഡിയിൽവച്ചിരിക്കുന്നതെന്നും സംഘടനയുടെ ലീഗൽ സെൽ അറിയിച്ചു.
2010 കോമണ്‍വെൽത്ത് ഗെയിംസിനിടെ ബിജെപി പ്രതിഷേധം നടത്തിയിരുന്നതും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.