കൊച്ചി: ജെ.ബി. കോശി കമ്മീഷന് ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനാടകത്തിനപ്പുറം മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മാത്രമേ കമ്മീഷന് നിര്‍ദേശിച്ച ശിപാര്‍ശകളില്‍ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാട് വിവിധ ക്രൈസ്തവസഭകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഇതിനോടകം ചര്‍ച്ചകള്‍ക്കു വിളിച്ചിരിക്കുന്നവരിൽ പലരും കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക പ്രതിനിധികളല്ലെന്നിരിക്കെ വിശ്വാസിസമൂഹത്തെ വിഡ്ഢികളാക്കാനുള്ള രാഷ്ട്രീയനീക്കങ്ങള്‍ വിലപ്പോകില്ല.
സഭകള്‍ക്കുള്ളിലേക്ക് ഭരണസംവിധാനങ്ങള്‍ നുഴഞ്ഞുകയറാനുള്ള പുതിയ മാര്‍ഗമായി ശിപാര്‍ശകളെ ഭരണനേതൃത്വങ്ങള്‍ വളച്ചൊടിക്കുന്നത് ഗൗരവമായി സഭകള്‍ കാണണം. ആദ്യം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ പുറത്തുവിടുക. എന്നിട്ടാകാം ചര്‍ച്ച. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ ആരെയാണു ഭയപ്പെടുന്നത്.
റിപ്പോര്ട്ടിന്മേല് കേരളത്തിലെ വിവിധ രാഷ്ട്രീയമുന്നണികളും പാര്‍ട്ടികളും പരസ്യമായി നിലപാട് പ്രഖ്യാപിക്കണം. റിപ്പോര്‍ട്ട് പുറത്തിറക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രം നടക്കുന്ന ഇത്തരം സര്‍ക്കാര്‍ വക ചര്‍ച്ചകള്‍ ക്രൈസ്തവ സഭകള്‍ മുഖവിലയ്ക്കെടുക്കാതെ ബഹിഷ്കരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.