ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന കൊടുംകുറ്റവാളികളെ മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കു മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു.
ജയിലുകള്ക്കുള്ളില്നിന്ന് ആസൂത്രണം ചെയ്യുന്ന ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി ഏറ്റവും അപകടകാരികളായ വിചാരണത്തടവുകാരെ (ഗുണ്ടാസംഘാംഗങ്ങളും സംഘടിത കുറ്റകൃത്യങ്ങളില്‍ സംശയിക്കപ്പെടുന്നവരും ഉള്‍പ്പടെ) മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കു മാറ്റുന്നതിനുള്ള നിയമപരമായ സംവിധാനം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
ട്രാന്‍സ്ഫര്‍ ഓഫ് പ്രിസണേഴ്സ് (പഞ്ചാബ് ഭേദഗതി) ആക്ട്, 2025 നടപ്പാക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. ജയില്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംഘടിത കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ പദ്ധതിയെന്ന് രേഖാ ഗുപ്ത വ്യക്തമാക്കി. ഡല്‍ഹിയിലെ ജയിലുകളില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളികളില്‍ വലിയൊരു വിഭാഗവും വിചാരണ നേരിടുന്നവരാണ്.
നിലവിലുള്ള നിയമപ്രകാരം തടവുകാരെ ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുന്നതിനുള്ള വ്യവസ്ഥകള്‍ പ്രധാനമായും ശിക്ഷിക്കപ്പെട്ടവരെ സംബന്ധിച്ചുള്ളതു മാത്രമാണ്. എന്നാല്‍, വിചാരണത്തടവുകാരെ സംസ്ഥാനങ്ങള്‍ക്കിടയില്‍ മാറ്റുന്നതിനു ഫലപ്രദവുമായ സംവിധാനമൊന്നും നിലവിലില്ല. ഇത് കൊടുംകുറ്റവാളികളായ വിചാരണത്തടവുകാരെ കൈകാര്യം ചെയ്യുന്നതു ദുഷ്കരമായേക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കരുതുന്നു. അതിനാലാണ് പുതിയ നിയമവ്യവസ്ഥകള്ക്കായി ശ്രമിക്കുന്നത്.
എങ്കിലും വിചാരണ നേരിടുന്ന എല്ലാ തടവുകാരെയും ഏകപക്ഷീയമായി മാറ്റാന്‍ ഈ സംവിധാനം അധികൃതരെ അനുവദിക്കില്ല. ഓരോ തടവുകാരന്റെയും സുരക്ഷാ പശ്ചാത്തലം, ക്രമസമാധാന പ്രശ്നങ്ങള്‍, പൊതുതാത്പര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കേസിലും പ്രത്യേകം വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്.