വൈപ്പിൻ: വിദേശ ചരക്കുകപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായെന്ന കമ്പനിയുടെ അറിയിപ്പ് ലഭിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും മറ്റു വിവരങ്ങളൊന്നും ലഭിക്കാതെ കുടുംബം ആശങ്കയിൽ.
ഞാറയ്ക്കൽ കെടിഎക്സ് റോഡിലെ പാലിശേരി വീട്ടിൽ ബെന്നിയുടെയും ഷീജയുടെയും മകൻ ഷിന്റോണിനെയാണ് (24) ദുരൂഹസാഹചര്യത്തിൽ കാണാതായത്. ദക്ഷിണാഫ്രിക്കയിൽനിന്നു കാറുകളുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട ജപ്പാനിലെ എംഒഎൽ എന്ന കമ്പനിയുടെ വിക്ടോറിയസ് എയ്സ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരനാണ് ഷിന്റോൺ.
കപ്പൽ സിംഗപ്പുർ തുറമുഖത്ത് എത്തിയതായാണ് ഇപ്പോഴത്തെ വിവരം. യാത്രയ്ക്കിടെ കഴിഞ്ഞ 12ന് നേരംവെളുത്തപ്പോഴാണ് ഷിന്റോണിനെ കാണാതായത്. എന്നാൽ തലേന്നു രാത്രിയിൽ ഏറെനേരം ഷിന്റോൺ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മാത്രമല്ല രാത്രിയിൽ മുറിയിൽ കണ്ട സഹപ്രവർത്തകരുമുണ്ട്.
രാവിലെ ഡ്യൂട്ടിയിൽ എത്താതെ വന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന് അറിയുന്നതെന്നാണ് ലഭിച്ച വിവരം. കപ്പൽ കമ്പനിയുടെ ചെന്നൈയിലുള്ള ഓഫീസിൽനിന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
കൂടുതൽ കാര്യങ്ങൾ അറിയാൻ കമ്പനിയുടെ മുംബൈയിലുള്ള ഓഫീസുമായും ബന്ധുക്കൾ ബന്ധപ്പെട്ടെങ്കിലും ഒന്നും അറിയാനായിട്ടില്ല.
കഴിഞ്ഞദിവസം ഹൈബി ഈഡൻ എംപി ഷിന്റോണിന്റെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.