ന്യൂഡൽഹി: ഇന്ത്യൻ ടാങ്കറുകൾ എൽപിജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകളാണ് 93000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലേക്ക് എത്തുന്നത്.
കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം അറിയിച്ചു.
ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നുവെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവ 16നും 17നും ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കടൽ മൈനുകൾ അടക്കം നീക്കാൻ ഇറാൻ സഹകരിച്ചെന്നാണ് സൂചന.
ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്ന നിർദേശം കേന്ദ്രം വീണ്ടും നൽകി.