തിരുവനന്തപുരം: എസ്ഐആർ വിവാദങ്ങൾക്കു പിന്നിൽ കോണ്‍ഗ്രസിലെ അധികാരപ്പോരെന്നു കേന്ദ്രമന്ത്രി ശോഭ കരന്തലജെ. വിഷയത്തിൽ കോണ്‍ഗ്രസും പ്രതിപക്ഷവും രാജ്യത്തു രാഷ്്ട്രീയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എസ്ഐആർ വിവാദത്തിന്റെ മറവിൽ കോണ്‍ഗ്രസിനുള്ളിൽ പുതിയ അധികാരപ്പോരിനു കളമൊരുങ്ങുകയാണ്.
കേരളത്തിൽ വി.ഡി. സതീശൻ ഉൾപ്പടെയുള്ള സർക്കാരുകളെ ‘ഇലീഗൽ’ എന്നു വിശേഷിപ്പിക്കുന്ന പരാമർശം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് നടത്തിച്ചതിനു പിന്നിൽ കെ.സി. വേണുഗോപാലിന്റെ രാഷ്്ട്രീയ നീക്കമാണ്.
സതീശനെ രാഷ്്ട്രീയമായി ദുർബലപ്പെടുത്താനുള്ള ഡൽഹിയിലെ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശോഭ കരന്തലജെ പത്രസമ്മേളനത്തിൽ പറഞ്ഞു.
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിയാണ് എസ്ഐആർ. രാജ്യത്ത് ആദ്യമായല്ല എസ്ഐആർ നടപ്പാക്കുന്നത്. 1952 മുതൽ വിവിധ ഘട്ടങ്ങളിലായി 12 തവണ ഈ നടപടികൾ നടന്നിട്ടുണ്ട്.ഇതിൽ പത്തു തവണയും കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ സമഗ്രമായ വോട്ടർപട്ടിക പരിശോധന നടക്കാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ നടപടി അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.