കിടങ്ങൂർ: ഭർത്താവ് പിന്നോട്ടെടുത്ത കാറിടിച്ച് ഭാര്യ മരിച്ചു. കിടങ്ങൂർ സൗത്ത് പട്ടേരിൽ ശോഭന കുമാരി (66) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇരുവരും യാത്രപോയശേഷം മടങ്ങിയത്തിയപ്പോഴായിരുന്നു അപകടം.
വീട്ടിലെത്തിയപ്പോൾ ശോഭനാകുമാരി പുറത്തിറങ്ങിയതിനെത്തുടർന്ന് ഭർത്താവ് കാർ പിന്നോട്ടെടുത്ത് പോർച്ചിൽ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു മുറ്റത്തുണ്ടായിരുന്ന ജീപ്പിലും പോർച്ചിന്റെ തൂണിലും ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു.
നിലത്തുവീണ ശോഭനകുമാരിയുടെ ദേഹത്ത് കാറിന്റെ ചക്രങ്ങൾ കയറി. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ കാർ ഉയർത്തി നീക്കിയാണ് ശോഭന കുമാരിയെ പുറത്തെടുത്തത്. തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭന കുമാരി കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരത്തിലെ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു.
കിടങ്ങൂർ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ് മുരളീധരൻ പിള്ള (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ). മക്കൾ: ഡോ. ശുഭലക്ഷ്മി, സുജാ ലക്ഷ്മി. മരുമക്കൾ: അജിത്ത് (പുളിങ്കുന്ന്), പ്രവീൺ ശേഖർ (വൈക്കം).