മദ്യലഹരിയിൽ 11,000 വോൾട്ടിന്റെ ഹൈ-ടെൻഷൻ വൈദ്യുതി ലൈനിൽ കയറി കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഭീതൗലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
യുവാവ് ലൈനിൽ കയറുന്നതിന് തൊട്ടുമുൻപ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഏതാണ്ട് ഒരു മണിക്കൂറോളം ഇയാൾ കമ്പികൾക്ക് മുകളിൽ കിടന്നു.
വിവരമറിഞ്ഞ് പോലീസും വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമാണ് ഇയാളെ താഴെയിറക്കിയത്.
താഴെ തടിച്ചുകൂടിയ നാട്ടുകാർ പരിഭ്രാന്തിയോടെ നോക്കിനിൽക്കുന്നതിന്റെയും യുവാവിനോട് കമ്പിയിൽ മുറുകെ പിടിക്കാൻ വിളിച്ചുപറയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൂട് കാരണം ശുദ്ധവായു ശ്വസിക്കാനാണ് താൻ മുകളിൽ കയറിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ, പ്രദേശത്തെ കടുത്ത വൈദ്യുതി മുടക്കത്തിലുള്ള പ്രതിഷേധമാണ് ഇതെന്നും നാട്ടുകാർ പറയുന്നു. മദ്യലഹരിയിലായിരുന്ന യുവാവിന് പോലീസിന് മുന്നിൽ കൃത്യമായ മറുപടി നൽകാനായില്ല.