ഫെയർഫീൽഡ്: കലിഫോർണിയയിലെ സൊളാനോ ടൗൺ സെന്‍റർ മാളിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാളിനുള്ളിലെ സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലാണ് വെടിവയ്പുണ്ടായത്.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8:30ഓടെയാണ് പൊലിസിന് വെടിവയ്പിനെക്കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കാൻ പൊലിസിന് സാധിച്ചിട്ടില്ല.
അക്രമിയെക്കുറിച്ചോ ആക്രമണത്തിന്‍റെ യഥാർഥ കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കോണിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അഞ്ച് മുതൽ ഏഴ് തവണയോളം വെടിയൊച്ച കേട്ടതായും, ശബ്ദം കേട്ട ഉടൻ തന്നെ മാളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.