കൊച്ചി: നിറം അല്പംകൂടി വെളുക്കണം. മുഖത്തെ കറുത്ത പാടുകള്‍ മാറണം. ചര്‍മത്തിനു തിളക്കം വേണം. ഈ ആഗ്രഹങ്ങളുമായി ഫെയര്‍നെസ് ക്രീമുകളെ ആശ്രയിക്കുന്നവര്‍ അറിയുന്നുണ്ടോ സൗന്ദര്യം വാഗ്ദാനം ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ ആരോഗ്യത്തിനു ഭീഷണിയാകാമെന്ന്?
മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഫെയര്‍നെസ് ക്രീം ഓണ്‍ലൈനില്‍ വാങ്ങി ഉപയോഗിച്ച മലപ്പുറത്തെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ചര്‍മത്തിന്റെ നിറം മാറ്റാമെന്ന പരസ്യവാഗ്ദാനങ്ങള്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാസഘടകങ്ങളാകാം. മെര്‍ക്കുറി, ഹൈഡ്രോക്വിനോണ്‍, ശക്തിയേറിയ കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ എന്നിവയടങ്ങിയ ക്രീമുകളുടെ അനിയന്ത്രിത ഉപയോഗം ചര്‍മത്തെ മാത്രമല്ല ശരീരത്തിന്റെ ആന്തരികാവയവങ്ങളെയും ബാധിക്കാം.
വെളുത്ത നിറമാണു സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന സാമൂഹിക കാഴ്ചപ്പാടും പരസ്യങ്ങളുടെ സ്വാധീനവും ഇത്തരം ഉത്പന്നങ്ങളുടെ വിപണി വളരാന്‍ കാരണമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിറം മാറ്റാമെന്നും മുഖത്തെ പാടുകള്‍ പൂര്‍ണമായി ഇല്ലാതാക്കാമെന്നും അവകാശപ്പെടുന്ന ക്രീമുകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളുടെ ചേരുവകളും സുരക്ഷയും പരിശോധിക്കാതെയുള്ള ഉപയോഗം വലിയ അപകടത്തിലേക്കാണു നയിക്കുന്നത്.
വിഷാംശം ശരീരത്തിലെത്തുമ്പോള്‍
ചര്‍മം വെളുപ്പിക്കുന്ന ചില ക്രീമുകളില്‍ ഉപയോഗിക്കുന്ന മെര്‍ക്കുറി ആരോഗ്യത്തിന് ഏറെ അപകടകരമായ ഘടകമാണെന്ന് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് വെനീരിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അനുരാധ കാക്കനാട്ട് ബാബു പറയുന്നു. ചര്‍മത്തിലൂടെ ശരീരത്തിലെത്തുന്ന മെര്‍ക്കുറി വൃക്കകളെയും നാഡീവ്യൂഹത്തെയും ബാധിക്കാം. ദീര്‍ഘകാല സമ്പര്‍ക്കം വിറയല്‍, മരവിപ്പ്, ഓര്‍മക്കുറവ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനം കുറയ്ക്കുന്നതിലൂടെ നിറം മാറ്റാന്‍ ഉപയോഗിക്കുന്ന ഘടകമാണു ഹൈഡ്രോക്വിനോണ്‍. ചില പ്രത്യേക ചര്‍മപ്രശ്നങ്ങള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിതമായി ഉപയോഗിക്കാമെങ്കിലും അനിയന്ത്രിതവും ദീര്‍ഘകാലവുമായ ഉപയോഗം ചര്‍മത്തില്‍ നീലകലര്‍ന്ന കറുത്ത പാടുകള്‍ രൂപപ്പെടാന്‍ ഇടയാക്കും. അലര്‍ജി, ചര്‍മവീക്കം, അസ്വസ്ഥത എന്നിവയും ഉണ്ടാകാം.
സ്റ്റിറോയിഡുകള്‍ അടങ്ങിയ ക്രീമുകളാണു മറ്റൊരു ഭീഷണി. പെട്ടെന്നു നിറവ്യത്യാസം അനുഭവപ്പെടാമെങ്കിലും തുടര്‍ച്ചയായ ഉപയോഗം ചര്‍മം നേര്ത്തുപോകുന്നതിനും മുഖക്കുരു, ചുവപ്പുനിറം, രക്തക്കുഴലുകള്‍ തെളിഞ്ഞുകാണല് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതോടെ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിക്കും.
ശക്തിയേറിയ സ്റ്റിറോയിഡുകള്‍ മുഖത്ത് ദീര്‍ഘകാലം ഉപയോഗിക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഇത്തരം ക്രീമുകളുടെ സ്ഥിരമായ ഉപയോഗം ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണകവചത്തെ ബാധിക്കും. ദീര്‍ഘകാലം ഉപയോഗിച്ചാല്ചര്മത്തിനു കറുപ്പ് നിറമുണ്ടാകും.
കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ മുഖത്തെ ചര്‍മം നേര്‍ക്കാനും പെട്ടെന്നു മുറിവുകളുണ്ടാകാനും സാധ്യതയുണ്ട്. തുടയിടുക്കുകള്‍, കക്ഷം എന്നിവിടങ്ങളില്‍ സ്ട്രെച്ച് മാര്‍ക്കുകളും ഉണ്ടാകാമെന്ന് ഡോ. അനുരാധാ കാക്കനാട്ട് ബാബു പറഞ്ഞു.
ലേബലില്‍ ഇല്ലാത്ത ചേരുവകള്‍; അപകടം അറിയാതെ
വിപണിയില്‍ ലഭിക്കുന്ന എല്ലാ ഫെയര്‍നെസ് ക്രീമുകളിലും ഇത്തം അപകടകരമായ ഘടകങ്ങളുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ചേരുവകള്‍ കൃത്യമായി രേഖപ്പെടുത്താത്തതും ഗുണനിലവാരം ഉറപ്പില്ലാത്തതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ അപകടത്തിലാക്കുന്നു. ഓണ്‍ലൈന്‍ വിപണികളിലൂടെയും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും ലഭിക്കുന്നവ വാങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം.
പാക്കറ്റിലെ ലേബല്‍, നിര്‍മാതാവിന്റെ വിവരങ്ങള്‍, ഘടകങ്ങളുടെ പട്ടിക, അംഗീകാരവിവരങ്ങള് എന്നിവ പരിശോധിക്കാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചര്‍മത്തിന്റെ നിറം വെളുപ്പിക്കാമെന്ന വാഗ്ദാനങ്ങള്‍ ശാസ്ത്രീയമായ ഉറപ്പുകളല്ല. ഒരാളുടെ സ്വാഭാവിക ചര്‍മനിറം നിര്‍ണയിക്കുന്നതില്‍ ജനിതകഘടകങ്ങള്‍ക്കും മെലാനിനുമാണ് പ്രധാന പങ്ക്. നിറം മാറ്റാനുള്ള ശ്രമത്തില്‍ ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനത്തെ തകരാറിലാക്കുന്നത് സൗന്ദര്യസംരക്ഷണമല്ല, ആരോഗ്യത്തിന് വരുത്തുന്ന ദോഷമാണ്.
സൗന്ദര്യത്തിന് നിറമല്ല മാനദണ്ഡം
കറുത്ത പാടുകള്‍, മുഖക്കുരുവിനു ശേഷമുള്ള നിറവ്യത്യാസം, മെലാസ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു ഫെയര്‍നെസ് ക്രീമുകളെ സ്വയം ചികിത്സയായി ആശ്രയിക്കരുത്. ഓരോ ചര്മപ്രശ്നത്തിനും അതിന്റേതായ ചികിത്സാരീതികളുണ്ട്. ഡെര്മറ്റോളിസ്റ്റിന്റെ നിര്‍ദേശപ്രകാരം ചികിത്സ തേടുന്നതാണ് സുരക്ഷിതം.
ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ചര്‍മത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം. സ്റ്റിറോയിഡ് ക്രീമുകള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നവര്‍ അവയുടെ ഉപയോഗം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഡോക്ടറോടു ചോദിക്കണം. കുട്ടികളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.