കോഴിക്കോട്: മുന്നണി സംവിധാനത്തില്‍ കടുത്ത അവഗണന നേരിടുന്നുണ്ടെന്നു വിലയിരുത്തിയ ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും എല്‍ഡിഎഫിനുണ്ടായ അപ്രതീക്ഷിത തോല്‍വിക്കു കാരണം കാലുവാരലാണെന്നും തുറന്നടിച്ചു.
ഇടതുമുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ യോഗത്തിലുയര്‍ന്ന ശക്തമായ അമര്ഷത്തിനൊടുവില്, സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളം അടക്കം പാര്‍ട്ടിക്കു കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്നുള്ള ആവശ്യവും സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നു. യോഗത്തിനുശേഷം എം.വി. ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലും എല്‍ഡിഎഫില്‍ ആര്‍ജെഡി നേരിടുന്ന അവഗണന തുറന്നടിച്ചു.
എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നു വ്യക്തമാക്കിയ ശ്രേയാംസ്കുമാര്‍, താന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യവും കാലുവാരലുമാണ് ആര്‍ജെഡി സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമെന്ന പരസ്യവിമര്‍ശത്തിനും അദ്ദേഹം തയാറായി.
അടുത്തകാലത്ത് പല നേതാക്കളും പാര്‍ട്ടി നിലപാടുകളെന്ന രീതിയില്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാര്‍ സ്ഥാനം ഒഴിയാമെന്നു സൂചിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റാണ് ഔദ്യോഗികമായി പാര്‍ട്ടി നിലപാടുകള്‍ പറയേണ്ടത്. അതിനു പകരമായി മറ്റ് ആളുകള്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുകയാണെങ്കില്‍ താന്‍ ഈ സ്ഥാനത്തിരിക്കണോ എന്ന രീതിയിലാണു ശ്രേയാംസ്കുമാര്‍ രാജിസന്നദ്ധത അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായിട്ടുകൂടിയാണു ആര്‍ജെഡി സംസ്ഥാന കൗണ്‍സിലില്‍ എല്‍ഡിഎഫ് സംവിധാനത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്‍ക്കു പുറമേ ഇത്തവണ കോവളം സീറ്റുകൂടി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
കോഴിക്കോട് കോര്‍പറേഷനില്‍ മത്സരിച്ച അഞ്ചിടങ്ങളിലും ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ തോല്ക്കാന് കാരണം എല്‍ഡിഎഫിലുണ്ടായ കാലുവാരലാണെന്നും കൗണ്‍സില്‍ വിലയിരുത്തി. ഈ വിഷയത്തില്‍ സിപിഎമ്മിനെയാണ് ആര്‍ജെഡി പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, നീലലോഹിതദാസന്‍ നാടാര്‍, കെ.പി. മോഹനന്, സുരേന്ദ്രന് പിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.