പത്തനംതിട്ട: മണിയാർ ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നുവച്ചിട്ട് നാളുകളേറെയായി. ഇതിനിടെ വരൾച്ച വന്നപ്പോൾ ജലസേചന പ്രക്രിയ മുടങ്ങി. മഴ ശക്തമായപ്പോൾ പത്തനംതിട്ട ജില്ലയിലും കുട്ടനാട് മേഖലയിലും പ്രളയ നഷ് ടം ഇരട്ടിപ്പിച്ചതും മണിയാർ തന്നെ എന്നുറപ്പിക്കാം.
ജലസേചന വകുപ്പിന്റെ മണിയാർ സംഭരണിയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്കാണ് കരാർ നൽകിയിരിക്കുന്നത്. സ്ലൂയിസ് വാൽവ് അടക്കം തുറന്ന് സംഭരണി പൂർണമായി ഇതിനായി തുറന്നിട്ടിരിക്കുകയാണ്. വേനൽക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിർത്തിവച്ചിരുന്നു. മഴ വന്നതോടെ ജലസംഭരണിയിൽ വെള്ളം തടയപ്പെടുന്നില്ല. ഇതിന്റെ അപകടം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാൻ അധികൃതരും ശ്രമിച്ചില്ല.
മണിയാറിനു മുകളിൽ കക്കാട്ടാറിൽ തന്നെയുള്ള കാരിക്കയം, അള്ളുങ്കൽ പദ്ധതികളുടെ നിലനില്പും മണിയാർ സംഭരണിയിൽ വെള്ളം തടയപ്പെടുന്നതിനനുസരിച്ചാണ്. മണിയാറിൽ വെള്ളം തടഞ്ഞ് ജലസേചനം നടത്തുന്നതിനൊപ്പം കാർബോറാണ്ടം കന്പനിക്ക് വൈദ്യുതി ഉത്പാദനത്തിനും നൽകുന്നുണ്ട്.
തകരാറിലായ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ ആർഎം സിൻഹ ആൻഡ് കന്പനിക്ക് കരാർ നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. ആറുമാസത്തിനുള്ളിൽ നിർമാണജോലികൾ പൂർത്തീകരിക്കേണ്ടിയിരുന്നു. എന്നാൽ പാതിവഴിയിൽ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. നിർമാണം പൂർത്തീകരിക്കണമെങ്കിൽ സംഭരണി പൂർണതോതിൽ വറ്റിക്കണമെന്നാണ് കരാറുകാർ പറയുന്നത്.
മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും മണിയാറിലെ പോരായ്മ ശ്രദ്ധിച്ചില്ല. മഴ ശക്തമായപ്പോൾ പന്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചവരും മണിയാറിൽ നിന്ന് ഒഴുക്ക് അവഗണിച്ചുവെന്നാണ് ആക്ഷേപം. മണിയാർ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനേ തുടർന്ന് വെള്ളിയാഴ്ച രാത്രി കക്കാട്ടാർ തീരത്തെ രണ്ട് വീടുകളാണ് തകർന്നത്. 15 വീടുകളിൽ വെള്ളം കയറി.