കൊച്ചി: ഈസ്റ്റർ തലേന്നും ആ ഇരുപത്തെട്ടുകാരി ഡയാലിസിസ് മുറിയിലായിരുന്നു! ഡയാലിസിസ് മെഷീന്റെ യാന്ത്രിക ശബ്ദങ്ങളും ഒരു യന്ത്രത്തിനും അളവു കുറിക്കാനാകാത്തത്ര കഠിനവേദനയും ശ്യാമയ്ക്കു ശീലമായിക്കഴിഞ്ഞു. ആശുപത്രിമുറിയിൽ കിടക്കുമ്പോഴും, മാരകരോഗത്തെ തോൽപ്പിക്കണമെന്നതും ജീവിതത്തിൽ പ്രത്യാശയുടെ ഒരു ഈസ്റ്റർ പുലരി പിറക്കണമെന്നതും ശ്യാമയുടെ സ്വപ്നമായിരുന്നു.
ആലപ്പുഴ ചന്തിരൂർ സ്വദേശിനി ശ്യാമ രണ്ടു വൃക്കകളും തകരാറിലായി ചികിത്സ തുടങ്ങിയിട്ടു പത്തുവർഷത്തിലധികമായി. അഞ്ചു വർഷമായി ഡയാലിസിസും നടത്തുന്നു. വൃക്ക മാറ്റിവയ്ക്കുക മാത്രമാണു പരിഹാരമെന്നു ഡോക്ടർമാർ പറയുന്നു.
നിർധനകുടുംബമാണു ശ്യാമയുടേത്. 56കാരിയായ അമ്മ പ്രസന്ന വൃക്ക നൽകാൻ സന്നദ്ധയായെങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള ചെലവുകൾക്ക് വഴി തേടുകയാണു മാതാപിതാക്കൾ. മത്സ്യക്കച്ചവടം നടത്തി ഉപജീവനം പുലർത്തുന്ന വടശേരി ചന്ദ്രപ്പന്റെ ഇളയ മകളാണു ശ്യാമ. ചികിത്സയ്ക്കുള്ള നെട്ടോട്ടമായതിനാൽ ഇദ്ദേഹത്തിനു ജോലിക്കു പോകാനാകുന്നുമില്ല.
നേരത്തേ കൊച്ചിയിൽ തുണിക്കടയിൽ സെയിൽസ് ഗേളായിരുന്നു ശ്യാമ. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്യണം. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളതിനാൽ തുക കണ്ടെത്തുന്നതിനു അരൂർ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി സഹായനിധിയും കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പാലാ മെഡ്സിറ്റിയിലാണു ചികിത്സ.
രോഗമുക്തി നേടണം, സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരണം, ജോലിക്കു പോകണം, അച്ഛനെയും അമ്മയെയും നോക്കണം.
മികച്ച ചികിത്സയും അനേകരുടെ പ്രാർഥനകളും കൈത്താങ്ങുകളും ചേരുമ്പോൾ സങ്കടനാളുകൾ കടന്ന് പ്രതീക്ഷയുടെ പുലരി പിറക്കുമെന്നു തന്നെയാണ് ശ്യാമയുടെ വിശ്വാസം. ശ്യാമയുടെ പിതാവ് ചന്ദ്രപ്പന്റെ ഫോൺ- 8891498240.