ഇറ്റാനഗർ: സിയാംഗ് ജലവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധം വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ സിയാംഗ് താഴ്വരയിൽ സുരക്ഷശക്തമാക്കി. നവി മുംബൈയിൽനിന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്സ് കമ്പനികളെ അധികസേനയായി എത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അസമിലെ ദിബ്രുഗഢ്, ശിവസാഗർ, ജോർഹട്ട്, നാഗാവ്, നൽബാരി എന്നിവിടങ്ങളിൽനിന്ന് കേന്ദ്ര റിസർവ് പൊലിസ് സേനയെയും താഴ്വരയിലേക്ക് എത്തിച്ചിട്ടുണ്ട്.
മേഖലയിൽ ആകെ 34 കേന്ദ്ര സായുധ പൊലിസ് സേനാ കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ തടയുന്നതിനായി വനിതാ റാഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സിയാംഗ് ജില്ലയിൽ അണക്കെട്ടിനെതിരായ പ്രതിഷേധം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. എൻഎച്ച്പിസിയുടെ പ്രാദേശിക ഓഫീസ് പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചിരുന്നു.
പലയിടങ്ങളിലും തീവയ്പ് റിപ്പോർട്ട് ചെയ്തു. പോലീസ് വാഹനങ്ങൾക്ക് തീയിടുകയും എംഎൽഎമാരുടെ വീടുകൾ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിയാംഗ് താഴ്വരയിൽ സുരക്ഷശക്തമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായും എട്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.