ന്യൂഡല്‍ഹി: ഇന്ത്യ- ജപ്പാന് ഉച്ചകോടി വിജയമായതിനു പിന്നില്‍ മലയാളികളായ വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജിന്റെയും ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ എം. മല്ലികിന്റെയും മികവ് പ്രകടം. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായിരിക്കേ സിബി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ ത്രിദിന സന്ദര്‍ശനം.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അടക്കമുള്ളവരും ഉച്ചകോടി ഫലപ്രദമാക്കാന്‍ നേതൃത്വം നല്കി.
എങ്കിലും മലയാളികളായ സിബിയുടെയും നഗ്മയുടെയും നയതന്ത്ര മികവിന് പൊന്‍തൂവലായി ഇന്നലത്തെ ഉച്ചകോടി. സിബി അംബാസഡറായിരിക്കേ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി മോദി ടോക്കിയോയിലും 2022ലും 2023ലും അന്നത്തെ ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ ന്യൂഡല്‍ഹിയിലും നടത്തിയ സന്ദര്‍ശനങ്ങളും ഇന്ത്യക്കു നേട്ടമായിരുന്നു.
ബുധനാഴ്ച ഡല്‍ഹിയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിക്ക് ഇന്നലെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ആചാരപരമായ സ്വീകരണം നൽകി. തുടര്‍ന്നായിരുന്നു ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചയും കരാര്‍ ഒപ്പിടലും. വൈകുന്നേരം താജ് പാലസ് ഹോട്ടലില്‍ 13-ാമത് വാര്‍ഷിക ഇന്ത്യ-ജപ്പാന് ബിസിനസ് ഫോറത്തില്‍ മോദിയും തകായിച്ചിയും പ്രസംഗിച്ചു.
ഫോറത്തിലെ പ്രദര്‍ശനവും ഇരുവരും വീക്ഷിച്ചു. ജപ്പാന് പ്രധാനമന്ത്രി ഇന്നു രാവിലെ ടോക്കിയോയിലേക്കു മടങ്ങും.