തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത 'സിഗ്മ' തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. സന്ദീപ് കിഷൻ നായകനായെത്തുന്ന ചിത്രം കാണാൻ ജേസണിന്റെ അമ്മ സംഗീതയും സഹോദരി സാഷയും ചെന്നൈയിലെ തിയറ്ററിലെത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരിക്കുകയാണ്. ഇരുവരും തിയറ്ററിലെത്തിയതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇരുപത്തഞ്ചാം വയസിൽ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ജേസൺ സഞ്ജയുടെ ഈ ചിത്രത്തിനുണ്ട്. ഒരു മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽ പെടുന്ന കിടിലൻ ആക്ഷൻ ചിത്രമാണ് 'സിഗ്മ' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സിഗ്മയ്ക്കു സംഗീതം നൽകിയത് തമൻ എസ് ആണ്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.