ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൻതോതിലുള്ള സൈബർ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. പാർലമെന്റ് അംഗങ്ങളുടെ സിഗ്നൽ മെസേജിംഗ് അക്കൗണ്ടുകളാണ് പ്രധാനമായും ഹാക്ക് ചെയ്യപ്പെട്ടത്.
ഈ ചാരപ്രവൃത്തിക്ക് പിന്നിൽ റഷ്യയാണെന്നാണ് ജർമനിയുടെ പ്രാഥമിക നിഗമനം. സിഗ്നൽ ആപ്പിന്റെ സപ്പോർട്ട് ടീം എന്ന വ്യാജേനയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നത്.
അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഹാക്കർമാർക്ക് ഉപയോക്താവിന്റെ ചാറ്റുകൾ, ഗ്രൂപ്പുകൾ, ഫയലുകൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്നു.
ജർമൻ ചാൻസലറിന്റെ പാർട്ടിയായ സിഡിയു നേതാക്കൾ, പാർലമെന്റ് സ്പീക്കർ ജൂലിയ ക്ലോക്ക്നർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ചോർത്തപ്പെട്ടു. എന്നാൽ ചാൻസലറുടെ ഫോണിൽ നിലവിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
റഷ്യൻ ബന്ധവും സുരക്ഷാ ആശങ്കയും ആക്രമണത്തിന്റെ ശൈലി പരിശോധിക്കുമ്പോൾ ഇത് റഷ്യൻ സ്റ്റേറ്റ് ഹാക്കർമാരുടെ പണിയാണെന്ന് ജർമൻ ഇന്റലിജൻസ് വിഭാഗം കരുതുന്നുണ്ടെങ്കിലും മോസ്കോ ഈ ആരോപണങ്ങൾ നിഷേധിച്ചു.
പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള രഹസ്യ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതൊരു മുന്നറിയിപ്പ് ആണെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഇന്റലിജൻസ് കമ്മിറ്റി മേധാവി മാർക്ക് ഹെൻറിച്ച്മാൻ മുന്നറിയിപ്പ് നൽകി.
ആപ്പിന്റെ സുരക്ഷാ പിഴവിനേക്കാൾ ഉപരിയായി, ഉപയോക്താക്കളെ കബളിപ്പിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ചാണ് ഇവിടെ ഹാക്കിംഗ് നടന്നത്. ജർമനിയിലെ നിരവധി മലയാളികളും സിഗ്നൽ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ഈ വാർത്ത പ്രവാസികൾക്കിടയിലും ചർച്ചയായിട്ടുണ്ട്.
ഔദ്യോഗികമെന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അക്കൗണ്ടുകൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ (2എഫ്എ) ഉറപ്പാക്കുകയും ചെയ്യണമെന്ന് വിദഗ്ധർ അറിയിച്ചു.