ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ വിക്രം ദിഗ്വ (23) എന്ന സിക്ക് യുവാവ് കൗമാരക്കാരനായ ഹെൻറി നൊവാകിനെ (18) കുത്തിക്കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി സിക്ക് സംഘടനകൾ. കൊലപാതകത്തിന് ഉപയോഗിച്ച 21 സെന്റിമീറ്റർ നീളമുള്ള കത്തി സിക്ക് മതവിശ്വാസികൾ ധരിക്കുന്ന പവിത്രമായ 'കൃപാൺ' ആണെന്ന തരത്തിൽ കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
കേസ് പരിഗണിച്ച സതാംപ്ടൺ ക്രൗൺ കോടതി ജഡ്ജി വില്യം മൂസ്ലി, പ്രതി മതപരമായ ഒരു ആയുധത്തെ അക്രമത്തിനായി ഉപയോഗിച്ച് സ്വന്തം മതത്തിനും കുടുംബത്തിനും നാണക്കേടുണ്ടാക്കിയെന്ന് മുൻപ് നിരീക്ഷിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പേർഷ്യൻ വംശജരായ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു കത്തിയാണെന്നും അത് സിക്ക് ആചാരപ്രകാരമുള്ള കൃപാൺ അല്ലെന്നും സിക്ക് ഫെഡറേഷൻ യുകെ വ്യക്തമാക്കി.
വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വിഷയം വംശീയമായി വിയോഗിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. തുടർന്ന്, തങ്ങൾ ആയുധത്തെ കൃപാൺ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ വിഭാഗം പിന്നീട് വിശദീകരിച്ചു.
അതേസമയം, കുത്തേറ്റു വീണ നൊവാക്കിനെ പോലീസ് മൃഗീയമായാണ് കൈകാര്യം ചെയ്തതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഒൻപത് തവണ നിലവിളിച്ചിട്ടും അതുകേൾക്കാതെ പോലീസ് നൊവാക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അവൻ അവസാനം കേട്ട വാക്കുകൾ അതായിരുന്നുവെന്ന് പിതാവ് മാർക്ക് നൊവാക് സങ്കടത്തോടെ പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ കുടുംബം നൊവാക്കിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.