കലിഫോർണിയ: ട്രേസിയിലെ ഗുരുദ്വാരയിൽ സിഖ് വംശജനെ കാണാതായി. അവ്താർ സിംഗിനെ (57) ആണ് കാണാതായത്. സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.
അവ്താർ സിംഗിനെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുരുദ്വാരയുടെ പരിസരത്ത് വച്ച് കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ അവ്താർ സിംഗിനെ കാറിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗുരുദ്വാരയിലെ സേവാദാർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം താമസിക്കുന്നതും ഇവിടെ തന്നെയാണ്. ഏകദേശം 5.7 അടി ഉയരവും 90 കിലോ തൂക്കവുമുള്ള ഇദ്ദേഹം, കാണാതാകുമ്പോൾ ഇളം നിറത്തിലുള്ള പരമ്പരാഗത സിഖ് വസ്ത്രമാണ് ധരിച്ചിരുന്നത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ അവ്താർ സിംഗും കുടുംബവും വർഷങ്ങളായി കലിഫോർണിയയിലാണ് താമസം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.