ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീരിലും ഹരിയാനയിലും രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്കു മാറ്റാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രീംകോടതിയുടെ അനുമതി.
കേസുമായി ബന്ധപ്പെട്ട മൂന്ന് എഫ്ഐആറുകൾ ഒന്നിച്ചുചേർത്ത് വിചാരണ നടത്താനും ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി.
ജമ്മു കാഷ്മീരിലും ഹരിയാനയിലും രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് എൻഐഎ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം നവംബർ പത്തിനു ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ചു നടത്തിയ ഭീകരാക്രമണത്തിനു പിന്നിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള ഉന്നതവിദ്യാഭ്യാസം നേടിയ പ്രഫഷണലുകളുടെ ശൃംഖലയാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ജമ്മുകാഷ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) നാലു ഡോക്ടർമാർ ഉൾപ്പടെ പത്തുപേരെ അറസ്റ്റ് ചെയ്തു. സമാന രീതിയിൽ ഹരിയാനയിലും അറസ്റ്റുകളുണ്ടായി.
കേസുകളുടെ പരസ്പരബന്ധവും അന്വേഷണത്തിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് എല്ലാ കേസുകളും ഡൽഹിയിലെ പ്രത്യേക കോടതിയിലേക്കു മാറ്റി ഒരുമിച്ച് വിചാരണ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയത്. ഇതോടെ ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട വിചാരണ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ നടക്കും.