ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് സിബിഐ ഹർജിയിൽ വാദിക്കുന്നു.
23 പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ അപ്പീലുമായെത്തിയത്. സിബിഐ അപ്പീലിൽ കീഴ്ക്കോടതി ഉത്തരവിനെ തുടർന്ന് കെജ്രിവാളും സിസോദിയയും ഉൾപ്പെടെ കുറ്റ വിമുക്തരാക്കപ്പെട്ട 21 പേർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ അടുത്ത വാദം മാർച്ച് 16 ന് നടക്കും.
പ്രതികൾക്കെതിരായ കുറ്റപത്രത്തിൽ ഗൂഢാലോചനയെക്കുറിച്ചും അഴിമതിയെക്കുറിച്ചും വ്യക്തമായ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ കീഴ്ക്കോടതി ഇവരെ വിട്ടയച്ചത് നിയമപരമായി ശരിയല്ലെന്നും സിബിഐ വാദിക്കുന്നു.മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതികളെ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് വിട്ടയച്ചത്.