വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി സിസ്റ്റര്‍ അലസാന്ദ്ര സ്മെറില്ലിയെ (52) ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. കര്‍ദിനാള്‍ ഫാബിയോ ബാജിയോയാണ് കാര്യാലയത്തിന്റെ പ്രോ- പ്രീഫെക്ട്. മോണ്‍സിഞ്ഞോര്‍ ജോസഫ് ബര്‍ലാസ് ആണ് കാര്യാലയത്തിന്റെ സെക്രട്ടറി.
സെപ്റ്റംബര്‍ ഒന്നിന് മൂവരും ഔദ്യോഗികമായി സ്ഥാനമേല്‍ക്കും.
സലേഷ്യന്‍ സിസ്റ്റേഴ്സ് ഓഫ് ഡോണ്‍ ബോസ്കോ സമൂഹാംഗമായ സിസ്റ്റര്‍ അലാസാന്ദ്ര സ്മെറില്ലി 2021 മുതല്‍ സമഗ്ര മാനവിക വികസനത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കര്‍ദിനാള്‍ മൈക്കിള്‍ സെര്നിക്കു പകരമാണ് സിസ്റ്റര്‍ അലസാന്ദ്ര പ്രീഫെക്ട് ആകുന്നത്.
പൊളിറ്റിക്കൽ ഇക്കണോമിക്സിൽ ഇറ്റലിയിൽനിന്നും യുകെയിൽനിന്നും ഡോക്ടർ ബിരുദമുള്ള സിസ്റ്റർ അലസാന്ദ്ര ഇറ്റലിയിലെ വാസ്തോ സ്വദേശിനിയാണ്.
നീതി, സമാധാനം, കുടിയേറ്റം, ആരോഗ്യപരിരക്ഷ, ചാരിറ്റി, മനുഷ്യാന്തസ് ഉയര്‍ത്തൽ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ സഭയുടെ പ്രവര്‍ത്തനം ആഗോളതലത്തിൽ ഊര്ജിതമാക്കുകയെന്നതാണു സമഗ്ര മാനവിക വികസന കാര്യാലയത്തിന്റെ ലക്ഷ്യം.