കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്. കണ്ണൂർ സ്വദേശിയായ സവിത കൊല്ലപ്പെട്ട കേസിൽ ഇവരുടെ ഇരട്ടസഹോദരി സജിതയെയും വിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലിസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ സ്വദേശികളായ സഹോദരങ്ങൾ കഴിഞ്ഞ മാസം 29നാണ് ഭജനയിരിക്കാനായി ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം. ബുധനാഴ്ച രാത്രി സവിത കുഴഞ്ഞുവീണെന്നു പറഞ്ഞ് സജിതയും സുധീറും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് സവിത ഭജനയിരിക്കാനെത്തിയതെന്നായിരുന്നു സജിത ആദ്യം പൊലിസിനോട് പറഞ്ഞത്. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടെ സവിതയുടെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ പൊലിസിന് സംശയം തോന്നി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് സവിതയെ കൊലപ്പെടുത്തിയതെന്നാണ് സജിതയുടെ മൊഴി. പോസ്റ്റ്മോർട്ടം പരിശോധനയിലും മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണോ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.