കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചെന്നും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽ കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കമ്പനി നൽകിയ കണക്കുകൾ പ്രകാരം വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നീ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ദിലീപ് എന്നയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തവണ മഴക്കാലത്തിന് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി മന്ത്രി അനിൽകുമാർ പറഞ്ഞു.
ദുരന്തബാധിത പ്രദേശത്ത് ബുധനാഴ്ച പൂർണമായ പരിശോധന നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചതായും മന്ത്രിമാർ വ്യക്തമാക്കി. ദുരന്തസ്ഥലം നാല് സോണുകളാക്കി തിരിച്ച് ശാസ്ത്രീയ പരിശോധനയാണ് നടത്തുക.
മണ്ണുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പണികൾ ഉടൻ ആരംഭിക്കുമെന്നും മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.