ലോകത്തിൽ രണ്ടു വൻശക്തികൾ. അമേരിക്കയും ചൈനയും. അവയുടെ നേതാക്കൾ രണ്ടു ദിവസം ചർച്ച നടത്തി. എന്തുണ്ടായി? ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അമേരിക്ക സന്ദർശിച്ചിട്ട് ഒന്നുമുണ്ടായില്ല - ഒരു സംയുക്ത പ്രസ്താവന പോലും.
ഷി ബെയ്ജിംഗിൽ തിരിച്ചുചെന്ന ശേഷം പിങ് പിങ്, ഫു ഷുവാങ് എന്നീ ജയന്റ് പാണ്ട ഇണകളെ യുഎസിലെ അറ്റ്ലാന്റാ സൂവിലേക്കു 10 വർഷത്തെ വായ്പയായി അയച്ചുകൊടുത്തു. എടുത്തുപറയാവുന്ന കാര്യം അതാണ്. 1972ൽ റിച്ചാർഡ് നിക്സൺ ചൈന സന്ദർശിച്ചപ്പോൾ ഭാര്യ പാറ്റ് അവിടെ കണ്ട ജയന്റ് പാണ്ടകളെ ഇഷ്ടമായെന്ന് പ്രധാനമന്ത്രി ചൗ എൻ ലായിയോടു പറഞ്ഞു. രണ്ടു മാസത്തിനു ശേഷം ചൗ, പാണ്ഡാ ജോഡികളെ വാഷിംഗ്ടണിലേക്ക് അയച്ചുകൊടുത്തു. അര നൂറ്റാണ്ടിനു ശേഷം സമാനമായ ഒരു സമ്മാനം അമേരിക്കക്കാർക്കു ലഭിച്ചു.
►മൂന്നു ധാരണകൾ
വാണിജ്യം സംബന്ധിച്ച മൂന്നു ചെറിയ ധാരണകളാണു നേതൃചർച്ചയിൽ ഉണ്ടായത്.
ഒന്ന്: പരസ്പരം മൊത്തം 6000 കോടി ഡോളറിന്റെ തീരുവ കുറയ്ക്കും. പരസ്പരമുള്ള "വാണിജ്യ വെടിനിർത്തൽ' രണ്ടു മാസംകൂടി നീട്ടി. ചോളം, ഗോതമ്പ്, മണിച്ചോളം, പാലുത്പന്നങ്ങൾ, സസ്യ എണ്ണ, മാംസം, മത്സ്യം, മരം, കോസ്മെറ്റിക്സ് തുടങ്ങിയവയുടെ തീരുവ ചൈന കുറയ്ക്കും. ചീനപ്പാത്രങ്ങൾ, പുതപ്പുകൾ, കിടക്കവിരി, ചെറിയ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വെടിക്കെട്ടു സാമഗ്രികൾ, ക്രിസ്മസ് അലങ്കാരം, കൃത്രിമ പൂക്കൾ തുടങ്ങിയവയ്ക്ക് അമേരിക്ക തീരുവ കുറയ്ക്കും.
രണ്ട്: വ്യാപാരകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ട്രേഡ് കൗൺസിൽ (ബോർഡ് ഓഫ് ട്രേഡ്) സ്ഥാപിക്കും.
മൂന്ന്: നിർമിതബുദ്ധി (എഐ) യുടെ അപായങ്ങളും സാധ്യതകളും വിലയിരുത്താൻ ഉഭയകക്ഷി ചർച്ച തുടങ്ങും. ദേശീയസുരക്ഷയെ ബാധിക്കാവുന്ന എഐ വിഷയങ്ങൾക്കായി പ്രത്യേക കമ്യൂണിക്കേഷൻ ചാനൽ ഉണ്ടാക്കും. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യെ എസ്ഐ (സൂപ്പർ ഇന്റലിജൻസ്) എന്നു വിളിക്കാമെന്ന ട്രംപിന്റെ നിർദേശം ഷി സ്വീകരിച്ചു.
►അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നു
തീരുവകുറയ്ക്കലും മറ്റും വലിയ കാര്യമല്ല. കാതലായ വാണിജ്യവിഷയങ്ങളിലെ സാരമായ അഭിപ്രായവ്യത്യാസം മാറാൻ വഴി തെളിഞ്ഞില്ല. അപൂർവധാതുക്കളുടെ ആഗോള സംസ്കരണ ശേഷിയിൽ 90 ശതമാനത്തോളം ചൈനയിലാണ്.
അമേരിക്കയടക്കമുള്ള പല രാജ്യങ്ങൾക്കും അപൂർവധാതു കാന്തങ്ങൾ നൽകുന്നത് ചൈന നിയന്ത്രിച്ചു. തന്ത്രപ്രധാനമായ പല മേഖലകളിലും (ഇലക്ട്രിക് വാഹനങ്ങൾ, മിസൈലുകൾ, റോക്കറ്റുകൾ, വിമാനങ്ങൾ...) തന്മൂലം അമേരിക്ക ഞെരുക്കത്തിലായി. ഇറാനും റഷ്യക്കും എതിരായ ഉപരോധത്തിൽ ചേരാനുള്ള യുഎസ് ആവശ്യത്തോട് ഷി അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
►ഹോട്ട് ലൈൻ തുടങ്ങുന്നു
എഐയിൽ ചൈനയേക്കാൾ ബഹുകാതം മുന്നിലാണ് അമേരിക്ക എന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയെ തുല്യരായി കണക്കാക്കിയുള്ള ധാരണയാണ് വാഷിംഗ്ടൺ ചർച്ചകളിൽ ഉണ്ടായത് (അതു ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകും എന്നു ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്). ഇതിന്റെ തുടർച്ചയായ യുഎസ്-ചൈന സൂപ്പർ ഇന്റലിജൻസ് ഡയലോഗ് നവംബറിൽ ആരംഭിക്കും.
ശീതയുദ്ധകാലത്തെ വാഷിംഗ്ടൺ- മോസ്കോ ഹോട്ട് ലൈനു സമാനമായ ഒന്നാണ് നിർദിഷ്ട കമ്യൂണിക്കേഷൻ ചാനൽ. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്നു ബന്ധപ്പെടാനും മുന്നറിയിപ്പ് നൽകാനുമാണിത്. ഏതെല്ലാം കാര്യങ്ങളാണ് ഹോട്ട് ലൈനിൽ കൈകാര്യം ചെയ്യേണ്ടത് എന്ന് നവംബറിലെ ചർച്ചയിൽ തീരുമാനിക്കും എന്നാണു പ്രതീക്ഷ.
►ആദരവ് തിരിച്ചുകിട്ടിയില്ല
ഷിയുടെ സന്ദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നുണ്ട്. ട്രംപ് ഷിയെ ആദരിക്കാൻ പരമാവധി ശ്രദ്ധിച്ചു. അതു ഷി എടുത്തുപറയുകയും ചെയ്തു. എന്നാൽ, തിരികെ ട്രംപിനെ രസിപ്പിക്കാനോ ആദരിക്കാനോ ഷി ഒന്നും പറഞ്ഞില്ല. വ്യക്തിതലത്തിൽ മാത്രമല്ല ഔദ്യോഗിക തലത്തിലും അങ്ങനെതന്നെ. ചൈന എന്തെങ്കിലും വിട്ടുവീഴ്ചകൾ പ്രഖ്യാപിച്ചില്ല. ഇറാൻ കാര്യത്തിൽ സഹായിക്കാൻ സന്നദ്ധത കാണിച്ചില്ല. തായ്വാൻ കാര്യത്തിൽ അയവും സൂചിപ്പിച്ചില്ല. മാത്രമല്ല, ചൈന അമേരിക്കയോടു തുല്യശക്തിയാണെന്ന ധ്വനിയോടെ ഒന്നിലേറെ തവണ സംസാരിക്കുകയും ചെയ്തു. മുൻ ആഴ്ചകളിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ), ബ്രിക്സ് എന്നീ ഉച്ചകോടികൾ ചൈനീസ് നേതൃത്വത്തിന്റെ ആഗോള സ്വീകാര്യത കാണിക്കുന്നു എന്ന മട്ടിൽ അവതരിപ്പിക്കാനും ചൈന ശ്രദ്ധിച്ചു. സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെയും കാനഡയെയും ഒക്കെ എതിർപക്ഷത്താക്കി നീങ്ങുന്ന ട്രംപിന്റേതിൽനിന്നു തീർത്തും ഭിന്നമായ സ്വഭാവമാണ് ഷി രാജ്യാന്തര രംഗത്ത് എടുക്കുന്നത്.
►ഷിയുടെ മാവോ സ്യൂട്ടിലെ നയതന്ത്രം
നയതന്ത്രത്തിൽ വാക്കുകൾപോലെ വസ്ത്രങ്ങളും ശക്തമായ ആയുധമാണ്. പല കാര്യങ്ങളും പറയാതെ പറയാൻ പറ്റുന്ന സൂചകമാണത്. 1979ൽ അമേരിക്കയിലെത്തിയ ചൈനീസ് സർവാധിപതി ഡെങ് സിയാവോ പിങ് വലിയ കൗബോയ് തൊപ്പി ധരിച്ചതു കാപ്പിറ്റലിസത്തിലേക്കുള്ള മാറ്റം വ്യക്തമാക്കാനായിരുന്നു. ഇത്തവണ ട്രംപിന്റെ ഔദ്യോഗിക ഡിന്നറിന് ഷി എത്തിയത് മാവോ സ്യൂട്ട് ധരിച്ചാണ്.
ഷി പ്രസിഡന്റായ ശേഷം പാശ്ചാത്യ ശൈലിയിലുള്ള സ്യൂട്ട് ആണ് ഔദ്യോഗിക ചടങ്ങുകളിൽ ധരിച്ചുപോന്നത്. അതിൽനിന്നു മാറി പരമ്പരാഗത ചൈനീസ് നേതൃത്വത്തിന്റെ വേഷം ധരിച്ചു. ചൈനയുടെ രാഷ്ട്രീയവും കാഴ്ചപ്പാടും പഴയതു തന്നെയാണെന്ന പ്രഖ്യാപനം. ട്രംപിന്റെ സ്വീകരണവും നല്ല വാക്കുകളും കൊള്ളാം. പക്ഷേ അതുകൊണ്ടു ചൈന പ്രവൃത്തിയിലോ നയങ്ങളിലോ മാറ്റമൊന്നും വരുത്തുന്നില്ല. അതാണു മാവോ സ്യൂട്ടിന്റെ സന്ദേശം. ചർച്ചകളിൽ അതു വ്യക്തമാകുകയും ചെയ്തു.
►തുസിഡൈഡസ് കെണി
യുഎസ്-ചൈന ബന്ധത്തെ പരാമർശിക്കുമ്പോൾ ഷി പലപ്പോഴും പ്രയോഗിക്കുന്നതാണു തുസിഡൈഡസ് കെണി (Thucydides trap). ബിസി അഞ്ചാം നൂറ്റാണ്ടിൽ നടന്ന പെലോപൊണേഷ്യൻ (Peloponnesian) യുദ്ധത്തെപ്പറ്റി ഗ്രീക്ക് ചരിത്രകാരൻ തുസിഡൈഡസ് എഴുതിയ ചരിത്രത്തിലെ പരാമർശമാണ് ഇതിൽ വിവക്ഷിക്കുന്നത്. നിലവിലുള്ള പ്രമുഖ ശക്തിയെ വെല്ലുവിളിക്കാൻ മറ്റൊരു ശക്തി ഉദിച്ചുവരുമ്പോൾ യുദ്ധം അനിവാര്യമാണെന്ന് തുസിഡൈഡസ് എഴുതി. ആസ്ഥാന ശക്തിയായിരുന്ന സ്പാർട്ടയെ വെല്ലുവിളിക്കാൻതക്ക ശക്തി ആഥൻസ് ആർജിച്ചതിന്റെ സ്വാഭാവിക പരിണതിയായി പെലോപൊണേഷ്യൻ യുദ്ധം (ബിസി 431-404) എന്ന് അദ്ദേഹം വിലയിരുത്തി. ചരിത്രത്തിലെ പല സംഘർഷങ്ങളെയും ഈ വിശകലനം ഉപയോഗിച്ചു പഠിച്ച ഹാർവാഡിലെ കെന്നഡി സ്കൂൾ പ്രഫസർ ഗ്രാം അലിസൺ യുഎസ്-ചൈന ബന്ധം ഇങ്ങനെയൊരു കെണിയിലാണെന്ന് ഒരു ദശകം മുന്പേ എഴുതിയിരുന്നു (ചൈനീസ് ഭരണകൂടത്തിലെ നിരവധി പേർ അലിസന്റെ ശിഷ്യരാണ്).
കഴിഞ്ഞ മേയിൽ ട്രംപ് ബെയ്ജിംഗിൽ എത്തിയപ്പോൾ ഷി ഈ കെണി പരാമർശിച്ചു. തുസിഡൈഡസ് കെണിയിൽ വീഴാതെ യുഎസിനും ചൈനയ്ക്കും മുന്നോട്ടു പോകാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തവണ വാഷിംഗ്ടണിൽ ഷി അത് ആവർത്തിച്ചു. ഒപ്പം അതിന്റെ ഉത്തരവും നൽകി. പരസ്പര ബഹുമാനത്തോടെ, ഉത്തരവാദപൂർവം മത്സരിക്കാൻ തയാറായാൽ കെണിയിൽ വീഴാതെ മുന്നേറാം എന്നു ഷി പറഞ്ഞു.
തുല്യശക്തിയാണെന്ന്
ട്രംപ് ബെയ്ജിംഗിലും വാഷിംഗ്ടണിലും ഷിക്കു മറുപടി നൽകിയില്ല. ചൈനയെ തുല്യശക്തിയായി കണക്കാക്കണം എന്നാണു ഷി ആവശ്യപ്പെട്ടതിന്റെ ചുരുക്കം. അതു വകവച്ചു കൊടുക്കാൻ ട്രംപിനു പറ്റില്ലല്ലോ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വൻശക്തികൾ അഞ്ചു മാസത്തിനിടെ രണ്ട് ഉന്നതതല കൂടിക്കാഴ്ച നടത്തി. പക്ഷേ, ബന്ധങ്ങളിൽ മാറ്റമൊന്നും വരുത്താനായില്ല. മൂന്നു മാസത്തിനകം രണ്ടു തവണകൂടി കാണുന്നുണ്ട്. നവംബറിൽ ഏഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടിക്ക് ചൈനയിലെ ഷെൻചെനിലും ഡിസംബറിൽ ജി 20 ഉച്ചകോടിക്ക് അമേരിക്കയിലെ ഫ്ലോറിഡയിലും ആണു കൂടിക്കാഴ്ചകൾ. അവയും വ്യത്യസ്തമായ ഫലം നൽകാൻ സാധ്യതയില്ല. സംഘർഷം ഉള്ളിലൊതുക്കിയ ശീതയുദ്ധം പോലെ വൻശക്തിബന്ധം തുടർന്നുപോകും എന്നു മാത്രം പ്രതീക്ഷിക്കാം.