തിരുവല്ല: സ്കൂൾ വിദ്യാഭ്യാസത്തെ വേറിട്ട രീതിയിൽ പുനർനിർവചിക്കുന്നതിന്റെ ഭാഗമായി ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സാന്തോം സ്കിൽ സ്റ്റുഡിയോ (എസ്-ക്യൂബ്) ആരംഭിച്ചു. വിദ്യാർഥികളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ വിപ്ലവാത്മക പഠനകേന്ദ്രമാണിത്. പരമ്പരാഗത ക്ലാസ് മുറികൾക്കപ്പുറം, കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും പ്രകടിപ്പിക്കാനും സാധിക്കുന്ന ഒരു സവിശേഷ ഇടമായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ സ്കൂളുകളിൽ ഇത്തരത്തിൽ ആദ്യമായാണ് ഒരു സോഫ്റ്റ് സ്കിൽ സ്റ്റുഡിയോയെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. സാധാരണ ക്ലാസ് മുറികളിൽനിന്നും വ്യത്യസ്തമായി അനുഭവങ്ങളിലൂടെയും നവ ആശയങ്ങളിലൂടെയും തത്സമയ പരിപാടികളിലൂടെയും വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രായോഗിക പഠനാന്തരീ ക്ഷമാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.
ഓഡിയോ-വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ, ഫോട്ടോഗ്രാഫി സ്റ്റുഡിയോ, ഗ്രീൻ സ്ക്രീൻ സ്റ്റുഡിയോ, പോഡ്കാസ്റ്റ് കോർണർ, സ്കൂളിനുള്ളിലെ റേഡിയോ സ്റ്റേഷൻ, ക്രിട്ടിക്കൽ തിങ്കിംഗ് യൂണിറ്റ് (ഐസിയു), ക്രിയേറ്റീവ് തിങ്കിംഗ് സ്പേസ് (2 ഡോട്സ്), കൊളാബറേഷൻ സോൺ, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ ലാബ്, ന്യൂസ് റിപ്പോർട്ടിംഗ് ആൻഡ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ്, കമ്മ്യൂണിക്കേഷൻ ആൻഡ് പ്രസന്റേഷൻ ലാബ്, ഇന്റർവ്യൂ ആൻഡ് മൾട്ടിമീഡിയ സ്പേസ്, സ്റ്റാർട്ടപ്പ് ബോക്സ്, സ്കിൽ ഡെവലപ്പ്മെന്റ് ഏരിയ, യൂട്യൂബ് ചാനൽ, ലീഡർഷിപ്പ് കോർണർ, കരിയർ അവബോധം, സോഷ്യൽ സ്കിൽസ് സ്പേസ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ സ്റ്റുഡിയോയിലുണ്ട്. അക്കാദമിക് അറിവും പ്രായോഗിക നൈപുണ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പഠനരീതികളെ അടിസ്ഥാനമാക്കി എസ്-ക്യൂബ് രൂപകല്പന ചെയ്തിരിക്കുന്നത്.
കോർ ടീം, സ്കിൽ ടീം, മീഡിയ ടീം എന്നിങ്ങനെ വിദ്യാർഥികൾ തന്നെ നയിക്കുന്ന മൂന്ന് സംഘങ്ങളിലൂടെയുള്ള പ്രവർത്തന മാതൃകയും പദ്ധതി പരിചയപ്പെടുത്തുന്നു. ടോമി, -ടോമിന എന്നീ മാസ്കോട്ടുകൾ പദ്ധതിക്ക് യുവത്വത്തിന്റെ തുടിപ്പേകുന്നു. കൂടാതെ, ഇന്റർനെറ്റിന്റെ വിശുദ്ധൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ കാർലോ അക്കുത്തിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ രക്ഷാകർതൃത്വത്തിൽ, സ്കൂൾ മാനേജർ ഫാ. മാത്യു പുനക്കുളം, ഹെഡ്മിസ്ട്രസ് ഷാലു ആൻഡ്രൂസ്, ഫാ. ചെറിയാൻ മണപ്പുറത്ത് എന്നിവരും സ്കൂൾ നേതൃത്വവും നൽകിയ പിന്തുണയോടെയാണ് പദ്ധതി യാഥാർഥ്യമായത്.
എസ്-ക്യൂബിന്റെ ആശയം, ഡിസൈൻ, നിർവഹണം എന്നിവയ്ക്ക് നേതൃത്വം നൽകിയത് സ്റ്റുഡിയോ ഡിസൈനറും ലീഡുമായ ലൈജു കോശി മാത്യുവാണ്.