തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് കെഎസ്ഇബിക്ക് നേരിയ ആശ്വാസമായി.
ശനിയാഴ്ച മൊത്തം വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായി. 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തിയിരുന്ന ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപയോഗത്തിലുണ്ടായ കുറവ് വിതരണ സമ്മര്‍ദം അല്പം കുറയ്ക്കാന്‍ സഹായകമായി. ശനിയാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 4785 മെഗാവാട്ട് ആയി കുറഞ്ഞു.
വ്യാഴാഴ്ച രേഖപ്പെടുത്തിയ 99.92 ദശലക്ഷം യൂണിറ്റ് ഉപയോഗത്തിനു ശേഷം ശനിയാഴ്ചയാണ് ഉപയോഗത്തില്‍ കുറവുണ്ടായത്. വ്യാഴാഴ്ചയിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5305 മെഗാവാട്ട് വരെയെത്തിയിരുന്നു.
അതേസമയം വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായിട്ടും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച പീക്ക് സമയത്ത് ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതായി വന്നു.
ഇന്നലെയും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭ്യമായിട്ടില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ആവശ്യകതയേക്കാള്‍ ഏകദേശം 1,200 മെഗാവാട്ട് വരെ വര്‍ധനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.
അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നു മുതല്‍ സ്വകാര്യ ഉത്പാദക കമ്പനിയില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കുന്നുണ്ട്.
യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. കൂടുതല്‍ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ചര്‍ച്ചകളും തുടരുകയാണ്.