ചമ്പക്കുളം: സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജ് ഓഫീസുകളില്‍ 595 എണ്ണവും സ്മാര്‍ട്ട് ഓഫീസുകളായി മാറി. ജനസൗഹൃദപരമായ നവീകരണമാണ് സ്മാര്‍ട്ട് ഓഫീസുകളിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഘട്ടംഘട്ടമായി 1,666 വില്ലേജുകളെയും സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. ഭൂമിയുടെ സംരക്ഷണം, നികുതി പിരിക്കല്‍, സാക്ഷ്യപത്രങ്ങള്‍ നല്കല്, പൊതുഭരണം, ദുരന്തനിവാരണം തുടങ്ങി വിവിധ ജോലികളാണ് വില്ലേജ് ഓഫീസുകള്‍ വഴി നിര്‍വഹിക്കുന്നത്.
120 ചതുരശ്ര മീറ്റര്‍ എങ്കിലും വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ എല്ലാ സേവനങ്ങളും വേഗത്തിലും കടലാസ് രഹിതവുമാക്കുക, ഡിജിറ്റല്‍ രീതി സജ്ജീകരിക്കുക, നെറ്റ്വര്ക്കിംഗ് ഒരുക്കുക, ഉപയോക്തൃ സൗഹൃദ ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്ക് കാത്തിരിപ്പ് സൗകര്യം, പാര്‍ക്കിംഗ് തുടങ്ങിയവ അടങ്ങിയ പദ്ധതിയാണ് സ്മാര്‍ട്ട് വില്ലേജ് പദ്ധതി. റവന്യു വകുപ്പിലെ സേവന മേഖലകളെ പരമാവധി സുതാര്യവും കാര്യക്ഷമവുമാക്കി വിവര സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കും. 24 ഇനം സാക്ഷ്യപത്രങ്ങള്‍ ഡിജിറ്റല്‍ ഒപ്പോടെ ഓണ്‍ലൈനായി ലഭിക്കും.
അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേര് രജിസ്റ്റര്‍ എന്നിവ ഡിജിറ്റല്‍ രൂപത്തിലാക്കിക്കഴിഞ്ഞു. ഇതുവഴി റവന്യു റിക്കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനുള്ള സൗകര്യം ജനങ്ങള്‍ക്കു ലഭിക്കും. റവന്യു വകുപ്പിലെ വിവിധ നികുതികള്‍, സാമ്പത്തിക സേവനങ്ങള്‍, ഫീസുകള്‍ എന്നിവ ഇ-ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ച് ഇ-പേയ്മെന്റ് സംവിധാനം നടപ്പാക്കി.
കൂടാതെ ഓണ്‍ലൈന്‍ പോക്കുവരവ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് മോഡ്യൂള്‍, റവന്യുമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാവുന്ന റവന്യുമിത്രം പദ്ധതി തുടങ്ങിയവ വേഗതയിലും കൃത്യതയിലും ലഭ്യമാക്കും. സാധാരണക്കാരുടെ ഗ്രാമീണ സെക്രട്ടേറിയറ്റായ വില്ലേജ് ഓഫീസുകളുടെ സേവനങ്ങളെ ആധുനികമാക്കുകയാണ് ലക്ഷ്യം.