കുറ്റിച്ചൽ : കൃഷി നടത്താൻ ഏക്കറുകണക്കിന് ഭൂമി വേണമെന്ന ചിന്താഗതിയെ അപ്പാടെ മാറ്റി മറിച്ച് യുവ കർഷകർക്ക് മാതൃകയാകുന്ന കാർഷിക സംസ്ക്കാരം മലയോര മണ്ണിൽ തീർക്കുകയാണ് സിമി. ആകെയുള്ള ഇത്തിരി മണ്ണിൽ എന്ത് കൃഷിചെയ്യാനെന്ന് പരിതപിക്കുന്നവർക്ക് മാതൃകയാക്കാം കുറ്റിച്ചൽ കള്ളോട് റംലാ മൻസിലിൽ സിമി ഷാജി(46)യെ. അത്രയ്ക്കുണ്ട് ഈ വീട്ടമ്മ പറമ്പിലും മട്ടുപ്പാവിലും പരിപാലിക്കുന്ന കൃഷിക്കാഴ്ചകൾ.
പച്ചക്കറികൾക്കൊപ്പം പഴവർഗങ്ങൾ,മൽസ്യങ്ങൾ,ആട്, കാസർഗോഡ് കുള്ളൻ പശുക്കൾ,കോഴി,തേനീച്ച എന്നുവേണ്ട, മട്ടുപ്പാവിൽ 120 ചട്ടികളിൽ കുറ്റിക്കുരുമുളക്,150 ചട്ടികളിൽ പത്തുമണിപ്പൂവ്,100 ചട്ടികളിൽ കുറ്റിമുല്ല വരെ നീളുന്ന സമിശ്രകൃഷി ഭൂമികയാണ് സിമിയുടെ സിമീസ് ഇക്കോ ഫാം.
വ്ലാത്താങ്കരചീര, വെണ്ട,പാവൽ,പടവലം,പയർ,കത്തിരി,വെള്ളരി, പച്ചമുളക്,ചോളം,കപ്പലണ്ടി, മധുരക്കിഴങ്ങ്, കാച്ചിൽ, ചേന,വാഴ എന്നിവയൊക്കെ സമൃദ്ധമായി വളരുന്നു സിമിയുടെ മട്ടുപ്പാവിലും തൊടിയിലുമായി.പച്ചക്കറികൾക്ക് പുറമെ പേരയ്ക്ക,തണ്ണിമത്തൻ, റമ്പൂട്ടൻ,ട്രാഗൺഫ്രൂട്ട്,മൾബറി,ചെറി, ഫാഷൻഫ്രൂട്ട്,സാന്റോൾ,അബിയൂ, ബുഷ് ഓറഞ്ച്, ഇസ്രായേൽ ഓറഞ്ച്, ലിച്ചി, അവക്കാഡോ,മിറാക്കിൾഫ്രൂട്ട് തുടങ്ങി ഒട്ടേറെ ഇന്ത്യൻ, വിദേശയിനം പഴവർഗങ്ങളും സിമി പരിപാലിക്കുന്നു.പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് വിറ്റുവരവ്.
ജൈവരീതിയിലാണ് സിമിയുടെ കൃഷിയത്രയും. അടുക്കളവേസ്റ്റും കോഴിക്കാഷ്ടവും ചാണകവുമാണ് എല്ലാറ്റിനും വളം.
ഫാമിന് മുന്നിലും ഓർഡർ അനുസരിച്ച് എത്തിച്ച് നൽകിയുമാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. മികച്ച കർഷകയ്ക്കുള്ള സംസ്ഥാന ദേശീയ സർക്കാർ അവാർഡുകൾ നിരവധിതവണ സിമിക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ്:ഷാജി. ഷംസ റംലത്ത്, മുഹമ്മദ് യാസിൻ എന്നിവരാണ് മക്കൾ.