തിരുവനന്തപുരം: തനിക്കെതിരേ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യാജ കാർഡ് പടച്ചുവിടുന്നത് ഒരു പ്രമുഖന്റെ നേതൃത്വത്തിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ പേര് അറിയാം. ഇപ്പോൾ പറയുന്നില്ല. അത് അടൂരിൽ ഉള്ളയാളാണോ എന്ന ചോദ്യത്തിന് അല്ലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ചില ടിവി ചാനലുകളിലും തനിക്കെതിരേ വരുന്ന പ്രചാരണങ്ങൾ വ്യാജമാണ്. ഇതിനോടൊന്നും പ്രതികരിക്കുന്നില്ല. ക്ഷേമപെൻഷൻ നിർത്തലാക്കാൻ പോകുന്നുവെന്നു പറഞ്ഞ് എന്റെ ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം വച്ച് വ്യാജ കാർഡിറക്കി, വി.ഡി. സതീശൻ മാവേലി തമ്പുരാനാണ് എന്ന് വേറൊരു കാർഡിറക്കി.
അപ്പയെ കണ്ണുനീർ കുടിപ്പിച്ചവരിൽ ഒന്നാമനാണ് സതീശൻ എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു എന്ന് മറ്റൊരു വ്യാജ കാർഡ് ഇറക്കി. ഇതെല്ലാം ചില മാധ്യമങ്ങളുടെ പേരിലാണ് ഇറക്കുന്നത്. ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ കാർഡുകൾ ഇറക്കുന്നവർക്കെതിരേ മാധ്യമങ്ങൾ നിയമനടപടി സ്വീകരിക്കണം.
ടിവി ചാനലുകളിൽ രാവിലെ മുഖ്യമന്ത്രിക്കെതിരേ ഓരോ വാർത്ത വരും. ഉച്ചവരെ ഓടും. പിന്നെ മാറ്റിയാൽ മതിയല്ലോ എന്ന് വിചാരിച്ചാകും. ആദ്യമൊക്കെ കാണുമ്പോൾ വലിയ വിഷമമായിരുന്നു. ഇപ്പോൾ അതെല്ലാം ആസ്വദിക്കുന്നു. അത് കാണിക്കുന്നവരുടെ വിശ്വാസ്യതയാണല്ലോ പോകുന്നത്.