ലൈക്കുകൾക്കും സോഷ്യൽ മീഡിയയിലെ താൽക്കാലിക ശ്രദ്ധയ്ക്കും വേണ്ടി പൊതുസ്ഥലങ്ങളിൽ കാണിച്ചുകൂട്ടുന്ന കോമാളിത്തരങ്ങൾ വീണ്ടും ചർച്ചയാകുന്നു.
ബീഹാറിലെ ഭക്തിയാർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് ഒരു യുവതി ചെയ്ത അസാധാരണമായ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത രോഷത്തിന് കാരണമായിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തുകൊണ്ട് രണ്ടു ലിറ്ററിലധികം വരുന്ന സോഫ്റ്റ് ഡ്രിങ്ക് പൂർണമായും സ്വന്തം തലയിലൂടെ ഒഴിക്കുകയായിരുന്നു ഇവർ. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു യാത്രക്കാർ അമ്പരപ്പോടെയും അറപ്പോടെയുമാണ് ഈ കാഴ്ച കണ്ടുനിന്നത്.
പശ്ചാത്തലത്തിൽ പാട്ടും ചേർത്ത് റീൽസിനായി ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ റെഡിറ്റിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശന തരംഗമാണ് ഉയർന്നത്.
വ്യൂസ് കൂട്ടാൻ വേണ്ടി സ്വന്തം ശരീരത്തിനും ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം അപരിഷ്കൃത പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം വ്യക്തമാക്കുന്നു.
മധുരവും രാസവസ്തുക്കളും നിറഞ്ഞ പാനീയം തലയിലൊഴിക്കുന്നത് ചർമ്മത്തിനും മുടിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, പ്ലാറ്റ്ഫോമിലെ വൃത്തിഹീനമായ അന്തരീക്ഷം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പലരും ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ലോകത്തെ കയ്യടികൾക്കായി ഏത് അതിരുകളും ലംഘിക്കുന്ന പ്രവണത ചെറുക്കേണ്ടതാണെന്നും, പൊതുസ്ഥലങ്ങളുടെ അന്തസ് കെടുത്തുന്ന ഇത്തരക്കാർക്കെതിരെ റെയിൽവേ അധികൃതർ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഓൺലൈൻ ഇടങ്ങളിൽ ആവശ്യമുയരുന്നുണ്ട്.