Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialReformers

Ernakulam

ചാവറയച്ചൻ എന്നാൽ ഒരു സംസ്കാരം: ഫാ.ബെന്നി നല്‍ക്കര സിഎംഐ

കൊച്ചി: ചാവറയച്ചനെന്നത് ഒരുപേര് മാത്രമല്ല, ഒരു സംസ്കാരത്തിന്‍റെ നടപ്പുരീതിയുടെ പേരായി അംഗീകരിക്കണമെന്നും അതൊരു സംസ്കാരമാണെന്നും സിഎംഐ സഭ വികാർ ജനറൽ ഫാ. ബെന്നി നൽക്കര അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെന്‍ററും മഹാത്മ ഗാന്ധി സർവകലാശാല ചാവറ ചെയറും സംയുക്തമായി സംഘടിപ്പിച്ച കേരളം നവോത്ഥാന ചരിത്രവും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ പങ്കും എന്ന വിഷയത്തിൽ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവറയച്ചന്‍റെ സംഭാവനകളെ എത്രമാത്രം സഭയും സമൂഹവും വിലമതിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ചാവറ ചെയറിന്‍റെ പുതിയ അധ്യക്ഷനായി നിയമിക്കപ്പെട്ട പ്രൊഫസർ എം. തോമസ് മാത്യുവിനെ, ഡോ. സജി മാത്യുവും, ഫാ. ബെന്നി നൽക്കര യും ചേർന്ന് ആദരിച്ചു.

ഈ ലോകത്തെക്കുറിച്ച് അനവധി കർമപദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത പ്രതിഭാശാലിയായ ദൈവദാസനാണ് ചാവറയച്ചനെന്ന് ചാവറ ചെയർ പ്രഫസറും സാഹിത്യ നിരൂപകനുമായ എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു.

കേരളചരിത്രത്തെ ഒരു പുതിയ ഛായയിലേക്ക്‌ നയിച്ച ചാവറയച്ചൻ വെട്ടിയൊരുക്കിയ ചാലിലൂടെയാണ് പിൽക്കാലത്ത് കേരളീയ ജീവിതം പുനർനിർമിച്ചത്. ആ വഴിയിലൂടെ സഞ്ചരിക്കുന്നതിനുള്ള ശക്തിയാണ് പിന്നീട് വന്ന സാംസ്കാരിക നായകന്മാരും നവോത്ഥാനത്തിന്‍റെ പുത്രന്മാരും നിർവഹിച്ചത്. കേരള നവോത്ഥാനത്തിന്‍റെ മുൻഗാമിയാണ് ചാവറയച്ചൻ എന്ന് അദ്ദേഹം പറഞ്ഞു.

നാം ചിന്തിക്കുന്നതിനു മുൻപേ ഈ സമൂഹം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് വലിയ സങ്കല്പങ്ങൾ സൂക്ഷിക്കുകയും വലിയ സ്വപ്നങ്ങൾ കാണുകയും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശരീരവും മനസും ആത്മാവും ഒരുപോലെ അർപ്പിക്കുകയും ചെയ്ത മഹാത്മാവാണ് ചാവറയച്ചനെന്ന് സാഹിത്യ നിരൂപകനും ചാവറ ചെയർ പ്രഫസറുമായ എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു.

സെമിനാറിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാവറ പിതാവിന്‍റെ വിദ്യാഭ്യാസ ദർശനവും അതിന്‍റെ സ്ഥാപനപരമായ സാക്ഷാത്കാരവും എന്ന് വിഷയത്തിൽ സിസ്റ്റർ ഡോ. ഉദയ സിഎംസിയും കേരള നവോത്ഥാനത്തിന്‍റെ ആദ്യകാല ശില്പി ചാവറയച്ചന്‍റെ സാമൂഹ്യദർശനവും സംഭാവനകളും എന്ന വിഷയത്തിൽ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്‍റ് ഡി. ബി. ബിനുവും, ഇടയനാടകങ്ങളും മലയാള നാടകവേദിയുടെ തുടക്കവും എന്ന വിഷയത്തിൽ നാടകകൃത്തും സംവിധായകനുമായ, ടി.എം. എബ്രഹാമും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

എം.ജി. സർവകലാശാല ചാവറ ചെയർ കോ-ഓർഡിനേറ്റർ ഡോ. സജി മാത്യു സെമിനാർ മോഡറേറ്ററായിരുന്നു. ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ, സെന്‍റ് ജോസഫ് ആശ്രമം സൂപ്പീരിയർ ഫാ. മാത്യു കോയിക്കര സിഎംഐ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഹരികൃഷ്ണൻ ആർ. എന്നിവർ പ്രസംഗിച്ചു. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രമുഖരും സെമിനാറിൽ സംബന്ധിച്ചു.

Latest News

Corehub Up