വത്തിക്കാൻ സിറ്റി: സഭയ്ക്കും വിശ്വാസികൾക്കുംനേരേ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരേ ധൈര്യപൂർവം ശബ്ദമുയർത്തിയതിന്റെ പേരിൽ നിക്കരാഗ്വയിൽനിന്ന് പുറത്താക്കപ്പെട്ട വത്തിക്കാൻ നയതന്ത്രജ്ഞനാണ് ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ ആർച്ച്ബിഷപ് വാൾഡെമാർ സ്റ്റനിസ്ലാവ് സൊമ്മെർടാഗ്.
ലാറ്റിനമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയ്ക്കും വൈദികർക്കുംനേരേ ഭരണകൂടം കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ ഇരകൾക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന് ഒടുവിൽ രാജ്യം വിടേണ്ടിവന്നു.
2018 മുതൽ നിക്കരാഗ്വയിലെ വത്തിക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് വാൾഡെമാർ. സഭയ്ക്കെതിരായ ഭരണകൂട നടപടികളെയും രാഷ്ട്രീയതടവുകാരുടെ ദുരവസ്ഥയെയും ചോദ്യംചെയ്തതോടെ അദ്ദേഹം ഒർട്ടേഗ ഭരണകൂടത്തിന്റെ അതൃപ്തിക്കിരയാകുകയും നോട്ടപ്പുള്ളിയാകുകയും ചെയ്തു. 2022 മാർച്ചിൽ അദ്ദേഹത്തിന്റെ നയതന്ത്ര അംഗീകാരം പിൻവലിച്ച നിക്കരാഗ്വൻ സർക്കാർ, അറിയിപ്പ് ലഭിച്ചാലുടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം നിക്കരാഗ്വ വിട്ടു.
നിക്കരാഗ്വയിലെ ജനങ്ങൾക്കും പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടി അഗാധമായ സമർപ്പണത്തോടെ പ്രവർത്തിച്ച വ്യക്തിയാണു വാൾഡെമാറെന്ന് അന്നു വത്തിക്കാൻ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുറില്ലോയും അധികാരത്തിലെത്തിയതു മുതൽ കത്തോലിക്കാ സഭയുമായി നിരന്തരം ഏറ്റുമുട്ടലിലാണ്. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ നിലപാടെടുക്കുന്ന മെത്രാന്മാരെയും വൈദികരെയും രാഷ്ട്രീയ എതിരാളികളായാണ് ഒർട്ടേഗ കാണുന്നത്.
സമാധാനശ്രമങ്ങളിൽ സജീവ സാന്നിധ്യം
2018 ഏപ്രിലിൽ നിക്കരാഗ്വയിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളാണ് രാജ്യത്തെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കു നയിച്ചത്. പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമർത്തിയതോടെ മുന്നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ ജയിലിലാകുകയും ചെയ്തു. പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി 2019ൽ സർക്കാർ പ്രതിനിധികളും പ്രതിപക്ഷവും തമ്മിൽ നടന്ന ചർച്ചകളിൽ സാക്ഷിയായും മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായും ആർച്ച്ബിഷപ് വാൾഡെമാർ പ്രവർത്തിച്ചു.
എന്നാൽ പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതോടെ ചർച്ചകൾ വഴിമുട്ടി. രാജ്യത്തു വിശ്വാസമില്ലായ്മയും വഞ്ചനയുമാണ് നിലനിൽക്കുന്നതെന്നും സമാധാനശ്രമങ്ങളെ ചില ശക്തികൾ അട്ടിമറിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ ദുരിതങ്ങൾക്കു മുന്നിൽ തനിക്കു നിഷ്പക്ഷനായി മാറിനിൽക്കാനാകില്ലെന്നും നീതിയുടെ പക്ഷത്താണു തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ജീവിതത്തിൽ പുതിയ ദൗത്യം
നിക്കരാഗ്വയിൽനിന്ന് പുറത്താക്കപ്പെട്ടെങ്കിലും വത്തിക്കാൻ നയതന്ത്രരംഗത്തെ വാൾഡെമാറിന്റെ സേവനം തുടർന്നു. 2022 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സെനഗൽ, കേപ് വെർദെ, ഗിനിയ-ബിസാവു, മൗറിറ്റാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ വത്തിക്കാൻ സ്ഥാനപതിയായി നിയമിച്ചു. സഭയും ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ നിർണായകമായ നയതന്ത്ര ദൗത്യങ്ങളാണ് അദ്ദേഹം പിന്നീട് നിർവഹിച്ചത്.
അധികാരത്തിന്റെ സമ്മർദങ്ങൾക്കു മുന്നിൽ വഴങ്ങാതെ നീതിക്കും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി നിലകൊണ്ട നയതന്ത്രജ്ഞനെന്ന നിലയിലാണ് വാൾഡെമാറിന്റെ നിക്കരാഗ്വൻ ദൗത്യം ശ്രദ്ധേയമാകുന്നത്. സഭയ്ക്കെതിരായ ഭരണകൂട നടപടികൾക്കിടയിൽ വിശ്വാസികൾക്കും പീഡിതർക്കുംവേണ്ടി ശബ്ദമുയർത്തിയ അദ്ദേഹത്തിന്റെ നിലപാടുകൾ പുതിയ ദൗത്യത്തിലും ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമില്ല. പോളിഷ്, റഷ്യൻ, ഇറ്റാലിയൻ, ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ അദ്ദേഹത്തിനു പ്രാവീണ്യമുണ്ട്.