സാമൂഹ്യപ്രവര്ത്തകന് സോനം വാംഗ്ചുകിന്റെ നിരാഹാര സമരത്തിൽ മൗനം വെടിഞ്ഞ് നടൻ ആമിർ ഖാൻ. സോനത്തിന്റെ ആരോഗ്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആമിർ വ്യക്തമാക്കി.
ഒപ്പം 3 ഇഡിയറ്റ്സിലെ തന്റെ കഥാപാത്രമായ റാഞ്ചു, സോനത്തിന്റെെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതാണെന്ന തരത്തിലുള്ള വാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
സോനത്തിന്റെ ജീവിതത്തെ സ്ക്രീനിൽ പകർത്തിയ ആമിർ നിരാഹാരസമരത്തോട് മുഖം തിരിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.
ആ കഥാപാത്രം സോനത്തിന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ടതല്ലെന്ന് ആമിർ പറഞ്ഞു.
"അതൊരു തെറ്റിദ്ധാരണയാണ്. 3 ഇഡിയറ്റ്സ് ചെയ്യുന്ന സമയത്ത് എനിക്ക് സോനത്തിനെ അറിയില്ല. ചിത്രത്തിനു വേണ്ടി കഥയെഴുതിയ രാജ്കുമാർ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. എന്നിരുന്നാലും സോനം ചെയ്തത് നല്ല കാര്യങ്ങളാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ 3 ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല.
വസ്തുതകൾ പങ്കുവെക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോനം തന്നെ ഇക്കാര്യം മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല 3 ഇഡിയറ്റ്സ് ഒരുക്കിയിരിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓർത്ത് എല്ലാവർക്കും ആശങ്കയുണ്ട്. എനിക്കും. അദ്ദേഹം നിരാഹരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു". -ആമിർ ഖാൻ പറഞ്ഞു.
സിനിമാ ലോകത്തെ പലരും മൗനം തുടരുമ്പോഴും അഭയ് ഡിയോൾ, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനാക്ഷി സിൻഹ, അതുൽ കുൽക്കർണി, സയജി ഷിൻഡെ, ശ്രേയ ധന്വന്തരി, പ്രകാശ് രാജ് തുടങ്ങിയവർ സോനം വാങ്ചുകിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാംഗ്ചുകിന്റെ പ്രതിഷേധം.