വാർദ്ധക്യത്തിൽ മാതാപിതാക്കൾ നേരിടുന്ന ഒറ്റപ്പെടലിന്റെയും ബന്ധങ്ങളിലെ അകൽച്ചയുടെയും നോവിക്കുന്ന ചിത്രമായി മാറുകയാണ് ഹരിയാനയിലെ സോനിപ്പത്തിൽ നടന്ന ഒരു സംഭവം.
മുംബൈയിൽ മുൻപ് അറിയപ്പെടുന്ന വസ്ത്രവ്യാപാരിയായിരുന്ന 74-കാരൻ ശിവചരൺ റാംരതൻ ഗുപ്തയുടെ അന്ത്യകർമ്മങ്ങളാണ് മക്കൾ നേരിട്ടെത്താതെ ഫോൺ സ്ക്രീനിലൂടെ വീക്ഷിച്ചത്.
ജീവിതസായാഹ്നത്തിൽ സോനിപ്പത്തിലെ വൃദ്ധസദനത്തിൽ അഭയം പ്രാപിച്ച ശിവചരൺ കഴിഞ്ഞ മൂന്ന് വർഷമായി അവിടെയാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു വർഷം മുൻപ് ഇതേ വൃദ്ധസദനത്തിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ശിവചരണിന്റെ വേർപാടിന് പിന്നാലെ വൃദ്ധസദനം അധികൃതർ മുംബൈയിലുള്ള മക്കളെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം സോനിപ്പത്തിൽ തന്നെ സംസ്കരിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
ചടങ്ങുകൾക്കായി 5100 രൂപ ഓൺലൈനായി അയച്ചുനൽകിയ മക്കൾ, അന്ത്യകർമ്മങ്ങൾ പൂർണമായും വീഡിയോകോൾ വഴി തങ്ങൾക്ക് കാണിച്ചുതരണമെന്നും അഭ്യർഥിച്ചു.
വൃദ്ധസദനം ഡയറക്ടർ ആനന്ദ് കുമാറിന്റെ മേൽനോട്ടത്തിലാണ് സംസ്കാരച്ചടങ്ങുകൾ ക്രമീകരിച്ചതും തത്സമയം കാണാനുള്ള സൗകര്യമൊരുക്കിയതും.
സ്ക്രീനിൽ അച്ഛന്റെ ഭൗതികശരീരം കണ്ടപ്പോൾ മക്കളിലൊരാൾ വിതുമ്പലോടെ "പപ്പ" എന്ന് വിളിച്ചതൊഴിച്ചാൽ, ചടങ്ങുകളിലുടനീളം തികച്ചും ഔദ്യോഗികമായ അന്വേഷണങ്ങളാണ് ഉയർന്നത്.
സംസ്കാരം പൂർത്തിയാകാൻ എത്ര സമയമെടുക്കുമെന്നും, ചടങ്ങിന്റെ മുഴുവൻ വീഡിയോയും പിന്നീട് അയച്ചുതരണമെന്നും അവർ ആവശ്യപ്പെട്ടു.
വരുന്ന ഇരുപതാം തീയതിക്ക് മുൻപായി എത്തി ചിതാഭസ്മം ഏറ്റുവാങ്ങണമെന്ന് അധികൃതർ അഭ്യർഥിച്ചപ്പോൾ, സാധിക്കുമോ എന്ന് നോക്കാമെന്ന മറുപടിയാണ് ഇളയ മകളിൽ നിന്നുണ്ടായത്. ഈ സംഭവം കേട്ടറിഞ്ഞ ഏവരുടെയും ഉള്ളുലയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.