തിരുവല്ല: സോനു ഇനി ആറു പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി ആറുപേര്‍ ജീവിക്കും. ചെങ്ങന്നൂര്‍ പുലിയൂര് കുറ്റിമല കിഴക്കേതില്‍ സോനു തോമസിന്റെ (32) അവയവങ്ങളാണ് ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.
നേത്രപടലങ്ങൾ, കിഡ്നികള്‍, ഹൃദയ വാല്‍വ് എന്നിവയാണ് ദാനം ചെയ്തത്. കിഡ്നികളില്‍ ഒന്ന് സോനു ചികിത്സയില്‍ കഴിഞ്ഞിരുന്ന പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു രോഗിക്കും മറ്റൊന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും നല്കി.
ഹൃദയ വാല്‍വുകള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കാണ് നല്‍കിയത്. നേത്രപടലങ്ങള്‍ ചൈതന്യ ഐ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രണ്ട് രോഗികള്‍ക്കായും ദാനം ചെയ്തു. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനാണ് ശസ്ത്രക്രിയകള്‍ ആരംഭിച്ചത്.
അവയവങ്ങള്‍ സ്വീകരിക്കേണ്ട ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും എത്തിയിരുന്നു. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഏകോപനത്തിലാണ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത അവയവങ്ങള്‍ സുരക്ഷിത പെട്ടികളില്‍ ആക്കി ഉച്ചയോടെ പൊലിസ് അകമ്പടിയില്‍ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തോടെ റോഡിലൂടെ നടന്നു പോകവേ ചെങ്ങന്നൂര്‍ പേരിശേരിയിലാണ് സോനു റോഡില്‍ തലയടിച്ച് വീണത്. തലയുടെ പിന്‍വശത്ത് മാരകമായി പരിക്കേറ്റ സോനുവിനെ ഉടന്‍ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതനേ തുടര്‍ന്ന് അബോധാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്ന സോനുവിന്റെ മസ്തിഷ്ക മരണം വ്യാഴാഴ്ചയോടെ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അവയവദാനത്തിനുള്ള സന്നദ്ധത ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജന്‍സിയായ കെ സോട്ടോ വഴിയാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.