ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഒരുപോലെ ആവേശം കൊള്ളിക്കുന്ന പേരാണ് ഷാരൂഖ് ഖാൻ എന്നത് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഹോളിവുഡ് താരം സോഫി ടർണറുടെ പുതിയ വെളിപ്പെടുത്തലുകൾ.
പ്രശസ്തമായ 'ഗെയിം ഓഫ് ത്രോൺസ്' പരമ്പരയിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സോഫി, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ബോളിവുഡിനോടും കിംഗ് ഖാനോടുമുള്ള തന്റെ ആരാധന തുറന്നുപറഞ്ഞത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ ഷാരൂഖ് ഖാൻ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ (Greatest of All Time - GOAT) എന്ന് അവർ മറുപടി നൽകി.
ഷാരൂഖിനൊപ്പം തന്നെ ദീപിക പദുകോണിന്റെ അഭിനയ മികവിനെയും സോഫി പ്രത്യേകം പ്രശംസിച്ചു. ആർആർആർ പോലുള്ള ഇന്ത്യൻ ചിത്രങ്ങൾ താൻ ആസ്വദിച്ചു കണ്ടതായും അവർ കൂട്ടിച്ചേർത്തു.
വെറുമൊരു ആരാധന എന്നതിലുപരി ഇന്ത്യൻ സിനിമയുടെ ഭാഗമാകാനുള്ള തന്റെ താല്പര്യവും സോഫി മറച്ചുവെച്ചില്ല. പാശ്ചാത്യ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ദൃശ്യവിരുന്നും നിർമാണ രീതിയുമാണ് ബോളിവുഡിലേതെന്നും, അവിടുത്തെ വർണാഭമായ പാട്ടുകളിലും നൃത്തങ്ങളിലും അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം വെളിപ്പെടുത്തി.
2018-ൽ പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹത്തിനായി ഇന്ത്യ സന്ദർശിച്ചപ്പോൾ തന്നെ ഇവിടുത്തെ സംസ്കാരം സോഫിയെ ആകർഷിച്ചിരുന്നു.
ഷാരൂഖ് ഖാൻ എന്ന വ്യക്തിപ്രഭാവത്തിന് മുന്നിൽ വിസ്മയിച്ചു നിൽക്കുന്ന വിദേശ താരം സോഫി ടർണറല്ല മാത്രകമല്ല, ഹാരി പോട്ടറിലൂടെ വിസ്മയിപ്പിച്ച ഡാനിയൽ റാഡ്ക്ലിഫ്, ഷാരൂഖിന്റെ സ്റ്റൈലിനെയും പെരുമാറ്റ രീതിയെയും പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്.
താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നാണ് ഡാനിയൽ മുൻപ് പറഞ്ഞിട്ടുള്ളത്. അതുപോലെ 'ട്വിലൈറ്റ്' സിനിമകളിലൂടെ പ്രശസ്തയായ ക്രിസ്റ്റൻ സ്റ്റുവർട്ടും ഷാരൂഖിനൊപ്പം അഭിനയിക്കാൻ താൻ ഹിന്ദി പഠിക്കാൻ പോലും തയ്യാറാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
ലിയോനാർഡോ ഡികാപ്രിയോ, ടോം ഹിഡിൽസ്റ്റൺ, ജോൺ സീന, ലേഡി ഗാഗ എന്നിങ്ങനെ ലോകപ്രശസ്തരായ നിരവധി താരങ്ങൾ പലപ്പോഴായി ഷാരൂഖ് ഖാൻ എന്ന ഇന്ത്യൻ സൂപ്പർ താരത്തോട് തങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും വെളിപ്പെടുത്തിയിട്ടുള്ളവരാണ്.
അതിർത്തികൾ കടന്നുള്ള ഈ അംഗീകാരങ്ങൾ ഇന്ത്യൻ സിനിമയുടെയും ഷാരൂഖ് ഖാൻ എന്ന താരത്തിന്റെയും ആഗോള പ്രശസ്തിയെയാണ് വീണ്ടും തെളിയിക്കുന്നത്.